അപകടം തുടര്‍കഥ; കാക്കനാട് സിവില്‍ ലൈന്‍ റോഡില്‍ വലഞ്ഞ് യാത്രക്കാർ

കൊച്ചി കാക്കനാട് സിവില്‍ ലൈന്‍ റോഡില്‍ അപകടം തുടര്‍കഥയാകുന്നു. െടന്‍ഡര്‍ പോലും ചെയ്യാത്ത മെട്രോ രണ്ടാംഘട്ടത്തിന്റെ  പേരുപറഞ്ഞാണ് പൂര്‍ണമായും തകര്‍ന്ന റോഡിന്റെ  അറ്റകുറ്റപ്പണി വൈകിക്കുന്നത്. പുനര്‍നിര്‍മാണത്തിന് എംഎല്‍എഫണ്ടുപയോഗിക്കാനും പൊതുമരാമത്ത്  തയ്യാറാകുന്നില്ല.

ജില്ലയുടെ ഭരണസിരാകേന്ദ്രം കാക്കനാടെന്നാണ് വയ്പ്പ് . ഭരിക്കുന്നവര്‍ പോലും പക്ഷേ കക്കനാട്ടേയ്ക്ക് നേരേവഴി പോകില്ലെന്നാണ് അനുഭവം. റോഡ് അത്രകണ്ട് പൊളിഞ്ഞു. ഇക്കഴിഞ്ഞമഴക്കാലത്തിനും മുമ്പേ പൊളിഞ്ഞതാണ്. കുഴിനികത്തി നികത്തി ഇപ്പോള്‍ ഇതായി സ്ഥിതി. 

എറണാകുളം ജില്ലയിലെ  റോഡുകളുടെ  ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കടന്നുപോകുന്നത് ഇതേവഴി തന്നെ. ഇതൊക്കെ ഞങ്ങള്‍ എത്രകണ്ടതാണെന്നാണ് അവരുടെയും നിലപാട് . പരാതിയുമായി ചെന്നവരോട്  റെഡിയായി എടുത്തുപയോഗിക്കാന്‍ പണമില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി . എന്നാല്‍ പണം നല്‍കാമെന്നായി പിടി തോമസ് എംഎല്‍എ. എംഎല്‍എ ഫണ്ടും അനുവദിച്ചു . പക്ഷേ കെഎംആര്‍എല്‍ ഏറ്റെടുത്ത റോഡ് അവര്‍ പുനിര്‍നിര്‍മിക്കുമെന്നായി പൊതുമരാമത്ത് വകുപ്പ് 

ൈപപ്പ് ലൈന്‍ ജംഗ്ഷന്‍ മുതല്‍ കാക്കനാട് വരെ റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ ഇവിടെ ഗതാഗത കരുക്കും രൂക്ഷമാണ് . ഉടയോനില്ലാത്ത റോഡിനി ആരു പുനര്‍നിര്‍മിക്കുമെന്നാണ് യാത്രക്കാരുടെ ചോദ്യം.