റയിൽവെ ട്രാക്കിൽ മണ്ണിടിഞ്ഞു; മണൽചാക്കുകളിട്ട് അറ്റകുറ്റപണി

ചാലക്കുടി പുഴയ്ക്കു കുറുകെ റയിൽവെ ട്രാക്കിൽ മണ്ണിടിഞ്ഞ ഭാഗത്ത് മണൽചാക്കുകളിട്ട് അറ്റകുറ്റപണി പൂർത്തിയാക്കി. റയിൽവെ ട്രാക്കിൽ ട്രെയിനുകൾക്ക് വേഗം കുറയ്ക്കാൻ നിർദേശമുണ്ട്. 

ചാലക്കുടി പുഴയുടെ കുറുകെയുള്ള റയിൽവെ ട്രാക്കിനോട് ചേർന്ന് മണ്ണിടിഞ്ഞത് കനത്ത മഴയിലായിരുന്നു . നേരത്തെ പ്രളയത്തിനിടെയും ഈ ഭാഗത്ത് മണ്ണിടിഞ്ഞിരുന്നു. അന്നിട്ട മണൽ ചാക്കുകളാണ് ഇന്നലത്തെ മഴയിൽ പുഴയിലേക്ക് പതിച്ചത്. മണൽ ചാക്കുകൾ വീണ്ടും ഈ ഭാഗത്ത് ഇട്ടാണ് മണ്ണിടിച്ചിൽ പ്രതിരോധിച്ചത്. രണ്ടായിരത്തോളം മണൽ ചാക്കുകൾ ഇടാൻ മണിക്കൂറുകളോളമെടുത്തു. 20 കിലോമീറ്ററാണ് ഈ ഭാഗത്ത് ട്രെയിനുകളുടെ വേഗനിയന്ത്രണം . മണ്ണിടിച്ചിൽ കാരണം റയിൽവേ ട്രാക്കിൽ ഗതാഗതം നിയന്ത്രിച്ചതോടെ പല ട്രെയിനുകളും വൈകി. കനത്ത മഴയിൽ മണ്ണിടിയുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടനെ റയിൽവേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനാൽ അപകടം ഒഴിവായി. 

ചാലക്കുടിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ അഞ്ചു കോടി രൂപയുടേതാണ് നഷ്ടം. പത്തു വീടുകൾ പൂർണമായും തകർന്നു. മുപ്പതു വീടുകൾ ഭാഗികമായും തകർന്നു. കെ.എസ്.ഇ.ബി യ്ക്കാണ് നഷ്ടം കൂടുതൽ . അഞ്ഞൂറിടങ്ങളിലാണ് വൈദ്യുത കമ്പി പൊട്ടിയത്. വൈദ്യുതി വിതരണം ഏറെക്കുറെ പുനസ്ഥാപിച്ചു.