പ്രളയത്തിനിടെ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കു വീടു വയ്ക്കാന്‍ തൃശൂര്‍ അതിരൂപത അഞ്ചേക്കര്‍  ഭൂമി സര്‍ക്കാരിന് കൈമാറി. മന്ത്രി എ.സി.മൊയ്തീന്‍ അതിരൂപത ആസ്ഥാനത്ത് എത്തിയാണ് സമ്മതപത്രം ഏറ്റുവാങ്ങിയത്. 

പാലക്കാട് ചിറ്റൂര്‍ എരുത്തമ്പേതി വില്ലേജിലെ അഞ്ചേക്കര്‍ ഭൂമിയാണ് സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയിലേക്ക് സംഭാവന ചെയ്തത്. ഭൂമി നല്‍കുന്നതിന്റെ സമ്മതപത്രം സര്‍ക്കാരിന് കൈമാറി. അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമ്മതപത്രം മന്ത്രി എ.സി.മൊയ്തീന് കൈമാറി. ആലത്തൂര്‍ എം.പി. :പി.കെ.ബിജു, ജില്ലാ കലക്ടര്‍ ടി.വി.അനുപമ എന്നിവരുടെ സാന്നിധ്യത്തിലാണ് സമ്മതപത്രം കൈമാറിയത്. പതിനഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. അതിരൂപതയിലെ സന്യസ്തരുടെ ഒരുമാസത്തെ വേതനവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.

ക്രിസ്മസ് പ്രമാണിച്ച് എല്ലാവര്‍ഷവും നടത്താറുള്ള ബോണ്‍ നത്താലെ ഘോഷയാത്ര വേണ്ടെന്നുവച്ചു. പകരം, ജില്ലാഭരണകൂടവുമായി സഹകരിച്ച് സംഗീത വിരുന്ന് ഒരുക്കും. ഈ സംഗീത വിരുന്നില്‍ നിന്ന് ലഭിക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ദുരിതാശ്വാസ ക്യാംപുകളിലേക്ക് പത്തു കോടി രൂപയുടെ സാധനങ്ങള്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നേരത്തെ വിതരണം ചെയ്തിരുന്നു.