റോഡ് നന്നാക്കിയില്ല; പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ച് സമരപ്രഖ്യാപനം

റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോതമംഗലം പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ച് നാട്ടുകാരുടെ സമരപ്രഖ്യാപനം. റോഡ് പൊട്ടിപ്പൊളിഞ്ഞ് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും  അധികൃതര്‍ അനാസ്ഥ തുടര്‍ന്നതോടെയാണ്  മാർച്ചും ഉപരോധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. 

ആവോലിച്ചാൽ - ചേറങ്ങനാൽ റോഡിന്റെ ഭാഗമായ മാലിപ്പാറ, ചെങ്കര, പഴങ്ങര ഭാഗങ്ങളിലെ റോഡുകളുടെ മോശം അവസ്ഥയില്‍ സഹികെട്ട നാട്ടുകാര്‍ പലതവണ അധിക‍ൃതരോട് പരാതിപറഞ്ഞിരുന്നു.  പാറമടയിൽനിന്ന് ഭാരവണ്ടികൾ അനിയന്ത്രിതമായി ലോഡ് കടത്തുന്നതിനുപുറമെ അടിക്കടി കുടിവെള്ള പൈപ്പുകൾ പൊട്ടുകയും ചെയ്തതോടെയാണ് റോഡ് താറുമാറായത്.  റോഡ് ടാർ ചെയ്യാൻ പത്തുകോടി രൂപയുടെ കരാർ അനുവദിച്ചിട്ട് മൂന്ന് വർഷം പിന്നിട്ടു . എന്നിട്ടും പൊതുമരാമത്ത് വകുപ്പിന്റെയും കരാറുകാരനും റോഡിന്റെ കാര്യത്തില്‍ അനാസ്ഥ തുടരുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

മുപ്പത് ദിവസത്തിനുള്ളിൽ റോഡ് പണി പൂർത്തിയാക്കാമെന്ന്  അധികൃതർ ഉറപ്പുനൽകിയതിനുപുറത്താണ് തല്‍ക്കാലം നാട്ടുകാർ സമരം അവസാനിപ്പിച്ചത്.