ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്നം തുടങ്ങി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്നം തുടങ്ങി. ക്ഷേത്രത്തിനകത്ത് ആന പാപ്പാനെ കുത്തിക്കൊന്ന സംഭവത്തിനു ശേഷം അഷ്ടമംഗല പ്രശ്നം നടത്താന്‍ തീരുമാനിച്ചിരുന്നു. 

ഇനിയുള്ള അഞ്ചു ദിവനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്നം നടക്കും. പ്രമുഖരായ ഒന്‍പതു ജ്യോതിഷികളാണ് പങ്കെടുക്കുന്നത്. കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാടിന്റെ നേതൃത്വത്തിലാണ് അഷ്ടമംഗല പ്രശ്നം. സ്വര്‍ണാരൂഢത്തോടെയാണ് ചടങ്ങ് തടുങ്ങിയത്. ആദ്യ ലക്ഷണങ്ങള്‍ ശൂഭസൂചകമാണെന്ന് രാമന്‍ അക്കിത്തിരിപ്പാട് പറഞ്ഞു. രാവിലെ ആറരയോടെ ക്ഷേത്രം തെക്കേ വാതില്‍മാടത്തിലായിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്.

ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് രാശിപൂജ നിര്‍വഹിച്ചു. സ്മൃതി രാശി ചക്രത്തില്‍ പുതുപ്പണ സമര്‍പ്പണമായിരുന്നു പിന്നെയുള്ള ചടങ്ങ്. ഇതിനു ശേഷമാണ് ആദ്യഫലങ്ങള്‍ പറഞ്ഞു തുടങ്ങിയത്. ദേവസ്വം ചെയര്‍മാന്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ എത്തി. ഭക്തരുടെ ദര്‍ശന സമയങ്ങളില്‍ മാറ്റമില്ല.