ആലപ്പുഴയിൽ എരുമ വിരണ്ടോടി; രണ്ടുപേരെ കുത്തിപരുക്കേല്‍പ്പിച്ചു

ആലപ്പുഴ നഗരത്തിലൂടെ വിരണ്ടോടിയ എരുമ രണ്ടുപേരെ കുത്തിപരുക്കേല്‍പ്പിച്ചു. ആറുമണിക്കൂറിന് ശേഷം നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് എരുമയെ പിടികൂടി. വെട്ടാന്‍ ഒരുങ്ങവെയാണ് ഇന്ന് രാവിലെ എരുമ കുതറിയോടിയത് 

കല്ലുപാലത്തെ ഇറച്ചിക്കടയില്‍നിന്നാണ് ഓട്ടം തുടങ്ങിയത്. ഒടുവില്‍ എ.എസ് കനാലില്‍ വീണു. നാട്ടുകാര്‍ കൂടി. ഫയര്‍ഫോഴ്സ് എത്തി. ഇറച്ചിക്കടക്കാരന്‍ ബഷീര്‍ കുരുക്കിട്ടി. എല്ലാവരും കൂടെ ആഞ്ഞുവലിച്ചു. കുതറിയോടാനുള്ള ശ്രമത്തിനിടെ ഇലക്ട്രിക് പോസ്റ്റിനോട് ചേര്‍ത്തുകെട്ടി. കാലുകള്‍ ബന്ധിച്ചു. ആളുകള്‍ പിരിഞ്ഞുപോകുംമുമ്പ് വീണ്ടും കനാലിലേക്ക് വീണു. ഒരിക്കല്‍ക്കൂടെ വലിച്ച് പുറത്തെത്തിച്ചു. മാറ്റികെട്ടി. അല്‍പം ശാന്തത.

മുല്ലക്കലില്‍ ഒരു യുവാവിനും ചാത്തനാട്ട് ഒരു വീട്ടമ്മയ്ക്കുമാണ് എരുമ വിരണ്ടോടിയപ്പോള്‍ പരുക്കുപറ്റിയത്. എരുമയെ പിടികൂടിയതറിഞ്ഞ ഉടമ മിനിറ്റുകള്‍ക്കുള്ളില്‍ പാഞ്ഞെത്തി. നാട്ടുകാര്‍ചേര്‍ന്ന് വാഹനത്തില്‍ കയറ്റിവിട്ടു.നാട്ടുകാരും ഫയര്‍ഫോഴ്സും പിരിഞ്ഞുപോയി,പോത്തിനെ കുരുക്കിട്ട് പിടിച്ച ആറാട്ടുവഴിക്കാരന്‍ ബഷീര്‍ നാട്ടുകാര്‍ക്കിടയില്‍ താരവുമായി.