നീര്‍ത്തടസംരക്ഷണ നിയമം ലംഘിച്ചു; റിസോര്‍ട്ടിനെതിരെ നടപടി

നീര്‍ത്തടസംരക്ഷണ നിയമം ലംഘിച്ച് കൊച്ചി മുളവുകാട് നിര്‍മിച്ച റിസോര്‍ട്ടിനെതിരെ നടപടി. . സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിര്‍മാണം നടത്തിയ റിസോര്‍ട്ടും കയ്യേറിയ സ്ഥലവും ഏറ്റെടുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ആര്‍ഡിഒ വ്യക്തമാക്കി.  നിയമനടപടികള്‍ ആരംഭിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്കും ആര്‍ഡിഒ നിര്‍ദേശം നല്‍കി.

പഞ്ചായത്ത് പലതവണ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു . സ്റ്റോപ്പ് മെമ്മോയും നല്‍കി .  പക്ഷേ അതെല്ലാം അവഗണിച്ച് നിര്‍മാണം തുടര്‍ന്നതോടെയാണ് ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഷാജഹാന്‍ സ്ഥലത്തെത്തിയതും അനധികൃത നിര്‍മാണം പരിശോധിച്ചതും . സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പ്രളയ സമയത്താണ് ഇവിടെ നിര്‍മാണം നടന്നതെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു . നിര്‍ത്തട സംരക്ഷണ നിയമം ലഘിച്ച്  നിര്‍മാണം നടന്ന ഈ സ്ഥലം ഏറ്റെടുക്കുന്നതിനായി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആര്‍ഡിഒ അറിയിച്ചു 

കളപ്പുരയും ചെമ്മീന്‍കെട്ടുമുണ്ടായിരുന്ന സ്ഥലമാണ് നികത്തി റിസോര്‍ട്ടാക്കിയതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഒട്ടേറതവണ ആവശ്യപ്പെട്ടിട്ടും ഉടമ അതിന് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് നിയമാനുസൃതമുള്ള നടപടിക്ക് പഞ്ചായത്ത് കടന്നത്. റിസോര്‍ട്ടിന് നല്‍കിയിട്ടുള്ള വെള്ളം  വൈദ്യുതി ബന്ധങ്ങള്‍ വിഛേദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍ഡിഒ പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി.