ഓസ്ട്രേലിയൻ സഞ്ചാരികളുടെ മനംകവർന്ന് ചേക്കുട്ടി പാവകൾ

ഓസ്ട്രേലിയന്‍ സഞ്ചാരികളുടെ മനം കവര്‍ന്ന് ചേന്ദമംഗലം കൈത്തറിയുെട പുതിയ മുഖമായ ചേക്കുട്ടി പാവകള്‍. കേടായ തുണികളില്‍ നിന്ന് പാവ നിര്‍മിക്കാമെന്ന ആശയം അവതരിപ്പിച്ച ഗോപിനാഥ് പാറയിലും സുഹൃത്തുക്കളും കൊച്ചിയിലെത്തിയ വിദേശികള്‍ക്ക് ചേക്കുട്ടിയെ പരിചയപ്പെടുത്തി. 

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലേക്ക് വരാന്‍ ഇവര്‍ക്ക് ചെറിയ ഭയമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ കണ്ട അതിജീവനത്തിന്റെ കാഴ്ച ഇവരെ വിസ്മയിപ്പിച്ചു.  പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം കൈത്തറിയുെട ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ അടയാളമായ ചേക്കുട്ടി പാവകളെക്കുറിച്ച് ഗോപിനാഥും സുഹൃത്തുക്കളും പറഞ്ഞു കൊടുത്തു. പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകയറുകയാണെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം

ചേക്കുട്ടി മിനി എന്ന് വിളിപ്പേരുള്ള മിനി സ‍ഞ്ചാരികള്‍ക്ക് പാവയുടെ നിര്‍മാണം പരിചയപ്പെടുത്തി. ശേഷം ഓരോരുത്തരും സ്വയം പാവകള്‍ നിര്‍മിച്ചു. രസകരമായിരുന്നു പിന്നീടുള്ള നിമിഷങ്ങള്‍. ഇരുപത്തിയഞ്ചു രൂപ മാത്രം വിലയുള്ള പാവകള്‍ അതിലേറെ തുക കൊടുത്താണ് സ‍ഞ്ചാരികള്‍ വാങ്ങിയത്. ആ പണം ചേന്ദമംഗലത്തെ കൈത്തറിതൊഴിലാളികളുടെ കൈകളിലേക്കാണ് എത്തുന്നത്.