ചങ്ങനാശേരി ബൈപ്പാസിന്‍റെ അറ്റകുറ്റപ്പണി തുടങ്ങി

കുഴിനിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്ന ചങ്ങനാശേരി ബൈപ്പാസിന്‍റെ അറ്റകുറ്റപ്പണി തുടങ്ങി. അറുന്നൂറ് മീറ്റര്‍ റോഡുയര്‍ത്തിയും ബാക്കിഭാഗത്തെ കുഴികളടച്ചുമുള്ള പണികളുമാണ് പുരോഗമിക്കുന്നത്.  ഒരു കോടി രൂപയാണ് അറ്റകുറ്റപ്പണിക്കായി അനുവദിച്ചിരിക്കുന്നത്.

ചങ്ങനാശേരി ബൈപ്പാസിന്‍റെ ളായിക്കാട് ഭാഗത്ത് വയലിന് നടുവിലൂടെ കടന്നുപോകുന്ന അറുന്നൂറ് മീറ്ററാണ് ഉയര്‍ത്തി ടാറിങ് നടത്തുന്നത്. സ്ഥിരമായി വെള്ളം കയറുന്നതിനെ തുടര്‍ന്ന് റോഡിനുണ്ടായ ബലക്ഷയം കണക്കിലെടുത്താണ് നടപടി. മെറ്റലിട്ട് മുപ്പത് സെന്‍റീമീറ്റര്‍ ഉയര്‍ത്തിയശേഷം ബി.എം.ബി.സി നിലവാരത്തില്‍ ഈ ഭാഗം ടാര്‍ ചെയ്യുന്നതിനുള്ള പണികളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

പാലാത്രവരെയുള്ള ബാക്കിഭാഗത്തെ കുഴികള്‍ അടക്കുന്ന ജോലിയും അവസാനഘട്ടത്തിലാണ്. റോഡ് പണിയെതുടര്‍ന്ന് ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളം സഞ്ചാരയോഗ്യമല്ലാതിരുന്ന ബൈപ്പാസ് അടുത്തയാഴ്ച പൂര്‍ണമായും ഗതാഗതയോഗ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.