ആലപ്പുഴയിലെ പ്രളയനഷ്ടകണക്ക് 4000 കോടിയിലധികം; ക്യാംപുകളിൽ ഇനിയും കുടുംബങ്ങൾ

മഹാപ്രളയത്തില്‍ ആലപ്പുഴ ജില്ലയിലുണ്ടായത് നാലായിരം കോടിയിലധികം രൂപയുടെ നാശനഷ്ടം. ധനസമാഹരണത്തിനായി നാളെമുതല്‍ ഒരാഴ്ച മണ്ഡലാടിസ്ഥാനത്തില്‍ യോഗങ്ങള്‍ േചരും. വീടുകള്‍ നഷ്ടപ്പെട്ട ആയിരത്തി അഞ്ഞൂറോളം ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ് കഴിയുന്നത്. രേഖകള്‍ നഷ്ടമായവര്‍ക്കുള്ള പ്രത്യേക അദാലത്തുകള്‍ അടുത്തമാസം മൂന്നിന് തുടങ്ങും

വീടുകളുടെ നാശനഷ്ടം ഒഴിവാക്കിയാണ് ജില്ലയിലെ ആകെ കണക്ക് പുറത്തുവന്നിരിക്കുന്നത്. 3690 കോടി രൂപയുടെ നഷ്ടമാണ് വിവിധ വകുപ്പുകൾ തയ്യാറാക്കിയത്. കൃഷിയിലും കന്നുകാലി മേഖലയിലും 1536 കോടിയുടെയും റോഡുകളും പാലങ്ങളും തകര്‍ന്നപ്പോള്‍ 1230 കോടിയുടെയും നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

217 കോടി രൂപ മതിപ്പുള്ള പൊതുകെട്ടിടങ്ങള്‍ നശിച്ചു. ജലസേചന വിഭാഗം 337 കോടിയുടെ നാശനഷ്ടക്കണക്കാണ് തയ്യാറാക്കിയത്. 4619 വീടുകള്‍ ജില്ലയില്‍ വാസയോഗ്യമല്ലാതായി. ഇരുപതിനായിരത്തി തൊള്ളായിരത്തി പതിനൊന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 

ഇരുപത്തിയഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി 486 കുടുംബങ്ങള്‍ ഇപ്പോഴും കഴിയുകയാണ്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് പതിനായിരം രൂപ ധനസഹായം സര്‍ക്കാര്‍ കൈമാറിയെങ്കിലും ഇരുപതിനായിരത്തോളം കുടുംബങ്ങളിലേക്ക് ഇനിയും എത്തിയിട്ടില്ല.

അതേസയമം പ്രളയത്തില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്കുള്ള പ്രത്യേ അദാലത്തുകൾ അടുത്ത മൂന്നിന് തുടങ്ങും. പഞ്ചായത്ത് ഓഫീസുകളിലും അക്ഷയ സെന്ററുകളിലും അപേക്ഷ സ്വീകരിക്കും