കുട്ടമ്പേരൂര്‍ പുഴയ്‍ക്ക് പുനര്‍ജന്മം; ആലപ്പുഴയിലെ ബുധനൂര്‍ പഞ്ചായത്തിന് ദേശീയ പുരസ്കാരം

കുട്ടമ്പേരൂര്‍ പുഴയ്‍ക്ക് പുനര്‍ജന്മം നല്‍കിയ ആലപ്പുഴയിലെ ബുധനൂര്‍ പഞ്ചായത്തിന് ദേശീയ പുരസ്കാരം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനത്തിന് ഗ്രാമവികസന മന്ത്രാലയം നല്‍കുന്ന പുരസ്കാരം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഭരണസമിതി ഏറ്റുവാങ്ങി. 

അച്ചന്‍കോവില്‍, പമ്പ നദികളെ ബന്ധിപ്പിക്കുന്നതാണ് ബുധനൂര്‍, ചെന്നിത്തല, മാന്നാര്‍ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കുട്ടമ്പേരൂര്‍ പുഴ.  വര്‍ഷങ്ങളായി മാലിന്യം തള്ളിയും കൈയ്യേറ്റം നടത്തിയും പുഴയിലെ നീരൊഴുക്ക് പൂര്‍ണമായി നിലച്ചിരുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളുടെ അധ്വാനത്തിലൂടെ പുഴയ്‍ക്ക് ബുധനൂര്‍ പഞ്ചായത്ത് പുനര്‍ജന്മം നല്‍കി. ആ ഉദ്യമത്തെയാണ് രാജ്യം ആദരിച്ചത്. തൊഴിലുറപ്പ് പദ്ധതിയിയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം പഞ്ചായത്ത് പ്രസിഡന്റ് പി.വിശ്വംഭര പണിക്കര്‍ കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറില്‍ നിന്ന് ഏറ്റുവാങ്ങി.  പഞ്ചായത്ത് കൂട്ടായ്മയിലൂടെ രാജ്യത്ത് ആദ്യമായി പുഴയ്‍ക്ക് പുനര്‍ജന്മം നല്‍കിയ പദ്ധതിയാണിതെന്ന് വിശ്വംഭരപണിക്കര്‍ പറഞ്ഞു. 

പുഴയ്‍ക്ക് പുനര്‍ജന്മം നല്‍കിയത് പ്രളയജലത്തിന്റെ ഒഴുക്കിനും സഹായകരമായെന്ന് വിശ്വംഭരപണിക്കര്‍ പറഞ്ഞു. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിനും പുരസ്കാരം ലഭിച്ചു.