കുമളി പഞ്ചാത്തിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി

കനത്ത മഴയിൽ തകര്‍ന്ന  കുമളി പഞ്ചാത്തിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.  കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സംഭരിച്ച മാലിന്യങ്ങള്‍ പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്കയും പരാതികളും ഉയര്‍ന്നിരുന്നു. ടൂറിസം വകുപ്പിന്റെ   സഹായത്തോടെ 50 ലക്ഷം രൂപയുടെ പദ്ധതിയാണ് മാലിന്യ നീക്കത്തിന് വകയിരുത്തിയത്.

കുമളി പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ക്ലീൻ കുമളി ഗ്രീൻ കുമളി സൊസൈറ്റിയുടെ കീഴിൽ മുരിക്കടിയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്ക്കരണ കേന്ദ്രമാണ് മഴ വെള്ളപ്പാച്ചിലിൽ തകർന്നത്.  സ്ഥലത്തിന്റെ അതിർത്തിയിൽ പന്ത്രണ്ട് അടിയോളം ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച്  ഇതിനുള്ളിലാണ് മാലിന്യങ്ങൾ തള്ളിയിരുന്നത്. മലവെള്ളപ്പാച്ചിലിൽ ടൺ കണക്കിന് പ്ലാസിറ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ താഴേക്ക് ഒഴുകി. അഞ്ചു സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണിത് കിടക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യ  പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പിനെ തുടന്നാണ് പഞ്ചായത്ത് നീക്കം ചെയ്യാനുള്ള നടപടികൾ തുടങ്ങിയത്. മണ്ണു മാന്തി യന്ത്രം ഉപോഗിച്ച് ഇളക്കിയ ശേഷം തൊഴിലാളികളുടെ സഹായത്തോടെ പെറുക്കി ഉണക്കി ചാക്കിലാക്കി മാറ്റുകയാണ് .

പഞ്ചായത്തിലെ 45 ശുചീകരണ തൊഴിലാളികളാണ് ഇപ്പോൾ പണികൾ ചെയ്യുന്നത്. അടുത്ത ദിവസം കൂടുതൽ പേരെ ഇതിനായി കൊണ്ടു വരും.  ബാക്കി വരുന്ന ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റാനാണ് പഞ്ചായത്തിൻറെ നീക്കം. ഇത് നീക്കം ചെയ്താലേ സ്വകാര്യ വ്യക്തികൾക്ക് കൃഷി തുടങ്ങാൻ കഴിയുകയുള്ളു.