പ്രളയത്തെ തുടർന്ന് കടുത്ത അപകടഭീഷണിയില്‍ ഷാനവാസിന്റെ വീട്

പ്രളയജലം ഇറങ്ങിപോയതോടെ കടുത്ത അപകടഭീഷണിയിലാണ് കോട്ടയം സംക്രാന്തി സ്വദേശി ഷാനവാസിന്റെ വീട്. മീനച്ചിലാറോട് ചേര്‍ന്ന കിടക്കുന്ന വീട് ഏത് നിമിഷവും ആറ്റിലേക്ക് വീഴുമെന്ന നിലയിലാണ്.  പ്രദേശത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. 

വര്‍ഷങ്ങളായി അപകടസ്ഥിതിയിലുള്ള വീടിന്റെ തിട്ട ഇന്നലെ വൈകീട്ടോടെയാണ് ആറ്റിലേക്ക് മറിഞ്ഞത്. വീടിന്റെ പിന്നിലെ രണ്ട് സെന്റിലധികം സ്ഥലവും മരങ്ങളും വെള്ളത്തിലായി. അടുക്കളയില്‍ നിന്നും കാലെടുത്ത് വെക്കുന്നത് നേരെ ആറ്റിലേക്ക്. വീടിന്റെ മറ്റു ഭിത്തികളിലും വിള്ളല്‍ രൂക്ഷമായതിനാല്‍ ഇവിടം ഏത് സമയവും നിലം പൊത്താവുന്ന നിലയിലാണ്.  പന്ത്രണ്ട് കുടുംബങ്ങളാണ് ആറിനോട് ചേര്‍ന്ന് താമസിക്കുന്നത്. പ്രദേശത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം സര്‍ക്കാരിന് മുന്നിലെത്തിയിട്ട് എട്ട് വര്‍ഷം പിന്നിട്ടു ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല. 

അടിയന്തര നടപടിക്കായി നാട്ടുകാര്‍ ഇറിഗേഷന്‍ വകുപ്പിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും അപേക്ഷ നല്‍കി. കൂലിപ്പണിക്കാരായ നാട്ടുകാര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് ഭിത്തി നിര്‍മിക്കാനായിരുന്നു നിര്‍ദേശം. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വ്യാപകമായി മണല്‍ വാരല്‍ നടന്നിരുന്ന മേഖലയാണിത്. അതിന്റെ പ്രത്യാഘാതമാണ് മണ്ണിടിച്ചിലെന്ന് നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു.