പെരിയാർ കടുവ സങ്കേതത്തിൽ എട്ടിനം പുതിയ തുമ്പികളെ കണ്ടെത്തി

ഇടുക്കി പെരിയാർ കടുവ സങ്കേതത്തിൽ എട്ടിനം പുതിയ തുമ്പികളെ കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന രണ്ടാമത് തുമ്പി സർവ്വേയിലാണ് കണ്ടെത്തല്‍. മഹാ പ്രളയം തുമ്പിയുള്‍പ്പടെയുള്ള ചെറു ജീവികളുടെയും ആവാസ വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

പെരിയാർ കടുവ സങ്കേതത്തിൽ മൂന്ന് ദിവസം നീണ്ടു നിന്ന രണ്ടാമത് തുമ്പി സർവ്വേയ്ക്കാണ് സമാപനമായത്. പെരിയാർ ടൈഗർ കൺസർവ്വേഷൻ ഫൗണ്ടേഷനും, ഇന്ത്യൻ ഡ്രാഗൺ ഫ്ളൈ സൊസൈറ്റിയും സംയുക്തമായിട്ടാണ് സർവ്വേ സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷമാണ് തുമ്പി സർവ്വേ പെരിയാർ കടുവ സങ്കേതത്തിൽ ആരംഭിച്ചത്. അന്നത്തെ കണക്കനുസരിച്ച് എൺപത് ഇനം തുമ്പികളെ കണ്ടെത്തി. ഇത്തവണ എട്ടിനം പുതിയ തുമ്പികളെക്കൂടി  കണ്ടെത്താന്‍ കഴിഞ്ഞു

അഞ്ച് പേർ ഉൾപ്പെടുന്ന 17 ടീമുകളായി തിരിഞ്ഞായിരുന്നു സർവ്വെ. പി.റ്റി.ആറിലെ അരുവിഓട, മൂഴിക്കൽ, കുമാരികുളം എന്നീ ക്യാമ്പുകളില്‍ നിന്നാണ്  പുതിയ തുമ്പികളെ കണ്ടെത്തിയത്.  തേക്കടി ക്യാമ്പിലാണ് ഏറ്റവും കൂടുതൽ തുമ്പികളെ കണ്ടത്,  37 ഇനം.. മഹാപ്രളയം സർവ്വെയിലും ബാധിച്ചതായി വിലയിരുത്തുന്നു. പ്രളയം ഉണ്ടായില്ല എങ്കിൽ കൂടുതൽ ഇനം തുമ്പികളെ കണ്ടെത്താൻ സാധിക്കുമായിരുന്നു. മലിനജല പ്രദേശത്തു കാണുന്ന തുമ്പികളെ കൂടുതലായി കണ്ടെത് ജലമലിനീകരണം വർദ്ധിക്കുന്നതിന്റെ സൂചനയെന്നും ഗവേഷകർ പറഞ്ഞു. സർവ്വെ വരും വർഷങ്ങളിലും തുടരാനാണ് തീരുമാനം