അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ ഏന്തയാർ മേഖലയിലെ കുടുംബങ്ങള്‍

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ കോട്ടയം ജില്ലയിലെ  മുണ്ടക്കയം ഏന്തയാർ മേഖല അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ഗതാഗത മാര്‍ഗങ്ങളെല്ലാം താറുമാറായതോടെ പ്രദേശത്തെ അന്‍പതിലേറെ കുടുംബങ്ങളാണ് ഇപ്പോഴും ഒറ്റപ്പെട്ട് കഴിയുന്നത്. കാർഷിക വിളകളെല്ലാം  മണ്ണടിഞ്ഞതോടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് മേഖലയിലെ കർഷകർ. 

കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്കമാണ് നാശം വിതച്ചതെങ്കില്‍ കിഴക്കന്‍മേഖലയില്‍ വില്ലനായത് ഉരുള്‍പ്പൊട്ടലാണ്. 

മുണ്ടക്കയം ഏന്തയാര്‍ മേഖലയില്‍ പ്രളയകാലത്തുണ്ടായത് നാല്‍പതിലേറെ ഉരുള്‍പ്പൊട്ടലുകള്‍. മുണ്ടക്കയത്തു നിന്ന് വാഗമണ്ണിലേക്കുള്ള പ്രധാന റോഡുള്‍പ്പെടെ ഒലിച്ചുപോയി. ഗ്രാമീണ റോഡുകളും ഉരുളില്‍ തകര്‍ന്നടിഞ്ഞതോടെ കുടുംബങ്ങളെല്ലാം ഒറ്റപ്പെട്ടു. വെള്ളവും വൈദ്യുതിയും ആശയവിനിമയ സംവിധാനങ്ങളും ഇല്ലാതായതോടെ ദുരിതം ഇരട്ടിയായി. ഇതിന് പുറമെയാണ് വരുമാന മാര്‍ഗമായ കാര്‍ഷികവിളകളും മണ്ണടിഞ്ഞത്. റബർ, കുരുമുളക്, ഏലം ഉൾപ്പെടെ അന്‍പതേക്കറിലെ കൃഷി പൂര്‍ണമായും നശിച്ചു. 

റോഡ് ഗതാഗതം പുനസ്ഥാപിക്കാത്തത് അതിജീവനത്തിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. ഇ‍ടിഞ്ഞിറങ്ങിയ റോഡുകള്‍ക്കൊപ്പം വലിയ പാറകളും റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.

വൈദ്യുതി ബന്ധം ഭാഗികമായാണ് പുനസ്ഥാപിച്ചത്. നിലവിലെ സാഹചര്യത്തില്‍ റോഡ് ഗതാഗതം പുനസ്ഥാപിക്കാനും കാലതാമസമെടുക്കും. പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ അടിയന്തര ഇടപെടലാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.