വാവക്കാട് എല്‍പി സ്കൂളിനെ സഹോദരസ്ഥാപനമായി ഏറ്റെടുത്ത് ബ്രണ്ണന്‍ സ്കൂള്‍

വടക്കന്‍ പറവൂര്‍ വാവക്കാട് എല്‍പി സ്കൂളിനെ സഹോദരസ്ഥാപനമായി ഏറ്റെടുത്ത് തലശേരി ബ്രണ്ണന്‍ സ്കൂള്‍. പ്രളയത്തില്‍ മുങ്ങിയ വാവക്കാട് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള സഹായവുമായാണ് തലശേരിയില്‍ നിന്നുള്ള  സംഘം പറവൂരെത്തിയത്. 

അതിജീവനത്തിനായി കേരളം പോരാടുമ്പോള്‍ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് തലശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട വാവക്കാട് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനസാമ്രഗികളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും നല്‍കാനാണ് കിലോമീറ്ററുകള്‍ താണ്ടി തലശേരിയില്‍ നിന്ന് അധ്യാപകരും സംഘവും എത്തിയത്. വാവക്കാട് സ്കൂളിലെ 65 കുട്ടികള്‍ക്കായി പോഷകാഹാര കിറ്റും നല്‍കി. ബ്രണ്ണന്‍ സ്കൂളിലെ അധ്യാപകനായ സതീശനാണ് പ്രളയത്തില്‍പ്പെട്ട ഏതെങ്കിലും ഒരു സ്കൂളിനെ സഹോദരസ്ഥാപനമായി ഏറ്റെടുക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. പറവൂര്‍ സ്വദേശിയായ പ്രിന്‍സിപ്പല്‍ കെ.ജെ.മുരളീധരന്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെ മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും സഹായഹസ്തവുമായെത്തി. നവാസ് മേത്തറുടെ നേതൃത്വത്തിലുള്ള പിടിഎയാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത്. 

വി.ഡി.സതീശന്‍ എംഎല്‍എ, ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍.നായര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സഹായ കിറ്റുകള്‍ വിതരണം ചെയ്തത്. കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് ബ്രണ്ണന്‍ സംഘം അറിയിച്ചു. വാവക്കാട് കുട്ടികള്‍ക്കായി സദ്യയും കലാവിരുന്നും ഒരുക്കിയിരുന്നു.