മറയൂർ ശർക്കരയുടെ വിലയിടിഞ്ഞു; കര്‍ഷകർക്ക് തിരിച്ചടി

മറയൂര്‍  ശര്‍ക്കരയുടെ വിലയിടിഞ്ഞു.  ഉത്പാദനം ഉയര്‍ന്നെങ്കിലും പ്രളയവും  ഒാണവിപണിയുടെ തകര്‍ച്ചയും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.  തമിഴ്നാട്ടില്‍ നിന്നെത്തുന്ന മായം കലര്‍ന്ന ശര്‍ക്കര മറയൂര്‍ ശര്‍ക്കരയെന്നപേരില്‍  വിപണിയിലെത്തുന്നതും  വിലയിടിവിന് കാരണമായി.‌‌‌ ദേവസ്വംബോര്‍ഡ് മറയൂര്‍ ശര്‍ക്കര സംഭരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ ഏറ്റവും  കൂടുകല്‍ ശര്‍ക്കര ഉദ്പാദിപ്പിക്കുന്ന  മേഖലകളിലൊന്നാണ്  മറയൂര്‍.  ഉപ്പുരസം കുറവായ മറയൂര്‍ ശര്‍ക്കര ഗുണനിലവാരത്തില്‍ മുന്‍പന്തിയിലാണ്. ഒാണവിപണിയുടെ തകര്‍ച്ചയും മഹാപ്രളയവുമെല്ലാം   മറയൂര്‍ ശര്‍ക്കരയുടെ വിപണിയെ ബാധിച്ചു. തമിഴ്‌നാട്ടില്‍ മായംചേര്‍ത്ത് ഉത്പാദിപ്പിക്കുന്ന ശര്‍ക്കര മറയൂര്‍ ശര്‍ക്കരയുടെ  രൂപത്തിലുണ്ടാക്കി ചില കച്ചവടക്കാര്‍  കേരളത്തില്‍  വിറ്റഴിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.  

മറയൂര്‍ ശര്‍ക്കര ശബരിമലയിലേക്ക് വേണ്ടി  ദേവസ്വം ബോര്‍ഡ് സംഭരിക്കണമെന്ന് 2002 ല്‍ ഹൈകോടതി വിധിയുണ്ടെങ്കിലും   തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും  നിന്നുമാണ് നിലവില്‍ സംഭരിക്കുന്നത്. ഇതില്‍ മാറ്റം വരുത്തി മറയൂര്‍ ശര്‍ക്കര ദേവസ്വംബോര്‍ഡ് സംഭരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം

നൂറ് രൂപവരെ വിലയുണ്ടായിരുന്ന മറയൂര്‍ ശര്‍ക്കരക്ക് ഇപ്പോള്‍ കിലോയ്ക്ക് 40 രൂപയാണ് വില.  50 കിലോ ശര്‍ക്കര അടങ്ങുന്ന ചാക്കിന് 2000 രൂപയാണ് വില.