കേച്ചേരി പുഴ നേരെയാക്കാന്‍ സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മ

പ്രളയത്തിനിടെ മാലിന്യങ്ങള്‍ വന്നടിഞ്ഞ് ഒഴുക്കു തടസപ്പെട്ട തൃശൂര്‍ കേച്ചേരി പുഴ നേരെയാക്കാന്‍ സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മ പരിശ്രമം. ഇനി, ഒരു പ്രളയം വന്നാലും പുഴയ്ക്ക് ഒഴുകാന്‍ സുഗമമായ വഴിയൊരുക്കുകയായിരുന്നു ഈ കൂട്ടായ്മയുടെ ഉദ്ദേശ്യം. 

പ്രളയത്തിനിടെ മാലിന്യം കുന്നുകൂടി കേച്ചേരി പുഴയുടെ ഒഴുക്കു തടസപ്പെട്ടിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു കൂടുതല്‍. പുഴയുടെ ഒഴുക്കിനെ വീണ്ടെടുക്കാന്‍ പ്രകൃതി സംരക്ഷണ സ്നേഹികള്‍ ഒത്തുക്കൂടി. മച്ചാട് നിന്നാണ് കേച്ചേരിയുടെ പുഴയുടെ ഉല്‍ഭവം. കടപുഴകിയ മരങ്ങളും പുഴയുടെ ഒഴുക്കു തടസപ്പെടുത്തിയിരുന്നു. മരങ്ങള്‍ മുറിച്ചുമാറ്റി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ചു. പാലക്കാട്, ബംഗ്ലുരു സംസ്ക്കരണ കേന്ദ്രത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാറ്റും. ഇതിനായി നൂറുകണക്കിന് വോളന്‍ഡിയര്‍മാര്‍ പ്രയത്നിച്ചു.

കേച്ചേരി പുഴയും നിറഞ്ഞൊഴുകിയതോടെ നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായിരുന്നു. പുഴയിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാന്‍ ഓരോ വാര്‍ഡുകള്‍ തോറും ബോധവല്‍ക്കരണമാണ് ഇവരുടെ അടുത്ത ഉദ്ദേശ്യം.