എ.സി റോഡിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു; മങ്കൊമ്പിൽ വെള്ളക്കെട്ട് തുടരുന്നു

കുട്ടനാടിന്റെ ജീവനാഡിയായ ആലപ്പുഴ- ചങ്ങനാശേരി എ.സി.റോഡിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. കെ.എസ്.ആർ.ടി.സി അടക്കമുള്ള വലിയ വാഹനങ്ങൾ സർവീസ് ആരംഭിച്ചിട്ടുണ്ട്. ശക്തിയേറിയ പന്പുകൾ ഉപയോഗിച്ച് വെള്ളം പന്പ് ചെയ്യാൻ തുടങ്ങിയതോടെയാണ് എ.സി റോഡിൽ ഗതാഗതം സാധ്യമായത്.

ചങ്ങനാശേരി പെരുന്ന ജംക്ഷനിൽനിന്ന് ആരംഭിക്കുന്ന എ.സി. റോഡിൽ ഇപ്പോൾ കര തെളിഞ്ഞെങ്കിലും കുഴികളുടെ നീണ്ടനിരയാണ്. പെരുന്ന മുതൽ മങ്കൊന്പ് ബ്ലോക്ക് വരെ റോഡിലെ വെള്ളം പൂർണമായും ഇറങ്ങി. മങ്കൊമ്പ് മുതൽ വെള്ളക്കെട്ട് ഇപ്പോഴുമുണ്ട്. കാൽനടക്കാരും ചെറുവാഹനത്തിലെത്തുന്നവരും ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്.

ഗതാഗതം പുനസ്ഥാപിക്കുന്നതിനായി എൺപത്തിയഞ്ച് എച്ച്.പി ശേഷിയുള്ള രണ്ട് പമ്പുകൾ മങ്കൊമ്പിലും, ഒരെണ്ണം ആറ്റുവാത്തലയിലും തുടർച്ചയായി പ്രവർത്തിപ്പിക്കുന്നുണ്ട്. മങ്കൊമ്പിനും പള്ളാതുരുത്തിക്കുമിടിയിൽ ഏഴിടത്ത് വെള്ളക്കെട്ടുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചത് യാത്രക്കാർക്ക് ആശ്വാസമാണ്.