ഉരുള്‍പൊട്ടലില്‍  അടിമാലി ഇരുട്ടുകാനം വിയാറ്റ് പവര്‍ഹൗസ് തകര്‍ന്നു.    പവര്‍ഹൗസിനുള്ളിലേക്ക് കല്ലും ചെളിയും ഇരച്ച് കയറിയതാണ്  തകര്‍ച്ചക്ക് കാരണമായത്.  20 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി അധികൃതര്‍ പറഞ്ഞു.

ഈ മാസം 9നും 16നുമായിരുന്നു ഇരുട്ടുകാനം വിയാറ്റ് പവര്‍ഹൗസിനു മുകളില്‍ ഉരുള്‍പൊട്ടലുണ്ടായത്.മലമുകളില്‍ നിന്നും ഒഴുകിയെത്തിയ കല്ലും മണ്ണും പവര്‍ഹൗസിന്റെ പിന്‍ഭാഗം തകര്‍ത്ത് ഉള്ളിലേക്ക് ഇരച്ചു കയറി.മലവെള്ളപ്പാച്ചിലില്‍ പവര്‍ഹൗസിന്റെ ഓഫീസ് റൂം, ബാറ്ററി റൂം, കണ്‍ട്രോള്‍ റൂം എന്നിവ പൂര്‍ണ്ണമായി തകര്‍ന്നു.. ഏകദേശം ഏഴ് മീറ്ററോളം ഉയരത്തില്‍ പവര്‍ഹൗസിനുള്ളില്‍ മണ്ണ് നിറഞ്ഞു.

പവര്‍ഹൗസിന്റെ ഭാഗമായുള്ള സബ് സ്റ്റേഷനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒന്നരമെഗാവാട്ട് വീതം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് തകര്‍ന്നത്. നാലര മെഗാവാട്ട് ശേഷിയുള്ള പവര്‍ഹൗസ് 2010 ലാണ്  കമ്മീഷന്‍ ചെയ്തത്. 30 കോടി രൂപയോളം ചിലവഴിച്ച് നിര്‍മ്മിച്ച പവര്‍ഹൗസിന് ഉരുള്‍പൊട്ടലില്‍ 20 കോടിയോളം രൂപ നഷ്ടം സംഭവിച്ചു. ഏകദേശം ഒരുവര്‍ഷത്തോളമെങ്കിലും പവര്‍ഹൗസിന്റെ പുനര്‍നിര്‍മ്മാണത്തിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്.