ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട്ടമ്മക്ക് ഗുരുതരമായി പൊള്ളലേറ്റു

പാലാരിവട്ടത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു, സിലിണ്ടറിൻറെ സീൽ പൊട്ടിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. പാലാരിവട്ടം നേതാജി റോഡിൽ താമസിക്കുന്ന ഞാണയ്ക്കൽ എൽസി ദേവസിക്കാണ് പരുക്കേറ്റത്.

ഗ്യാസ് സിലിണ്ടറിൻറെ സീൽ പൊട്ടിച്ച് സ്റ്റൌവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്പോഴാണ് അപകടമുണ്ടായത്. സിലിണ്ടറിൻറെ സേഫ്റ്റി വാൽവ് തകർന്ന് ഗ്യാസ് പുറത്തേക്ക് വരികയായിരുന്നു. ഇതേ സമയം അടുക്കളയിൽ കത്തിക്കൊണ്ടിരുന്ന മറ്റൊരു അടുപ്പിൽ നിന്ന് ചോർന്ന സിലിണ്ടറിലേക്ക് തീ പടർന്നു.

ദേഹമാസകലം തീ ആളിപ്പടർന്ന എൽസി സിലിണ്ടറിനൊപ്പം വീടിനു പുറത്തേക്ക് തെറിച്ചു വീണു. മാരകമായി പൊള്ളലേറ്റ ഇവരെ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. 

തൊണ്ണൂറു ശതമാനം പൊള്ളലേറ്റ എൽസി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീടിൻറെ ജനൽ ചില്ലുകൾ തകർന്നു. അടുക്കളഭാഗത്ത് തീ പിടിക്കുകയും ചെയ്തു.