കൊച്ചി പേരണ്ടൂര്‍ കനാലിെല നീരൊഴുക്ക് ഉറപ്പാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ക്ക് ഹൈക്കോടതിയുടെ ഉത്തരവ്. കനാല്‍ ശുചീകരണത്തിന് ജില്ല കലക്ടര്‍ക്ക് കൊച്ചി നഗരസഭയുടെ ഭാഗത്തുനിന്ന് സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിലുണ്ട്. 24നകം സ്വീകരിച്ച നടപടി എന്തെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

മാലിന്യംനിറഞ്ഞ പേരണ്ടൂര്‍ കനാലില്‍ പെരുമഴ പെയ്താലും ഒഴുക്കില്ല. എന്നിട്ടും കുളവാഴകളും മാലിന്യവും നിറഞ്ഞ കനാല്‍ മഴക്കാലം മുന്‍കൂട്ടി കണ്ട് നഗരസഭ വ‍ൃത്തിയാക്കിയുമില്ല. തീര്‍ത്തും ദുഃസഹമായ അവസ്ഥയ്ക്കെതിരെയാണ് ഗാന്ധിനഗര്‍ ഡിവിഷനിലെ കരിത്തല കോളനി നിവാസി കെ.ജെ.ട്രീസ , ബി.വിജയകുമാര്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത് . 

ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് എത്രയുംവേഗം പരിഹരിക്കാന്‍ ദുരന്തനിവാരണ നിയമപ്രകാരം ജില്ല കലക്ടര്‍ ഇടപെടണമെന്നതായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഇത് അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ജില്ല കലക്ടര്‍ക്ക് കനാല്‍ ശുചീകരണത്തിനുള്ള ഉത്തരവ് നല്‍കിയതും. കനാല്‍ ശുചീകരണത്തിന് നടപടി ആരംഭിച്ചുവെന്ന് ഇതിനിടെ നഗരസഭയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കട്ടേയെന്നായിരുന്നു കോടതി നിരീക്ഷണം.