ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡ് അടച്ചുപ്പൂട്ടല്‍ ഭീഷണിയില്‍‌

സൗകര്യങ്ങളെല്ലാമുണ്ടായിട്ടും ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡ് അടച്ചുപ്പൂട്ടല്‍ ഭീഷണിയില്‍. വേണ്ടത്ര ഡോക്ടര്‍മാരെ നിയമിക്കാത്തത് കാരണം. മാസങ്ങള്‍ക്ക് മുന്‍പ് നവീകരിച്ച വാര്‌ഡിലെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങളും പ്രവര്‍ത്തനശൂന്യം. 

എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട് ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലെ പ്രസവ വിഭാഗത്തില്‍. പക്ഷെ ചികിത്സിക്കാന്‍ ആവശ്യത്തിന് ഗൈനക്കോളജിസ്റ്റുകളില്ല. കൊച്ചിയിലെ തീരദേശ മേഖലയിലുള്ള  സാധാരണക്കാരുടെ ഏകആശ്രയം കൂടിയാണ് ഫോര്‍ട്ട്്കൊച്ചി താലൂക്ക് ആശുപത്രി.

ഫോട്ടോതെറാപ്പി,  ന്യു ബോണ്‍ നഴ്സറി, അള്‍ട്രാ സൗണ്ട് മെഷീന്‍, മുതലായ ആധുനിക സജ്ജീകരണങ്ങളുണ്ടായിട്ടും ഇത് ഫലപ്രദമായി ഉപയോഗിക്കാനോ പുതിയ ഡോക്ടര്‍മാരെ ഗൈനക്കോളജിസ്റ്റ് വിഭാഗത്തില്‍ നിയമിക്കാനോ ആരോഗ്യവകുപ്പ് തയാറാകുന്നില്ല. മുപ്പതോളം പ്രസവങ്ങള്‍ മുമ്പ് ഓരോ മാസത്തിലും ഇവിടെ നടന്നിരുന്നു. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച കെട്ടിടം ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്.

ഹെല്‍ത്ത് സെക്രട്ടറിയടമുള്ളവര്‍ ഇവിടെ സന്ദര്‍ശനം നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരമില്ല.