സി.പി.എമ്മിന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം.വര്‍ഗീസിനെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയറ്റംഗം യു.പി.ജോസഫിനെ സെക്രട്ടറിയാക്കാനുള്ള നീക്കം അവസാന നിമിഷം പാളി. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റംഗത്തിന്റെ പിന്തുണ എം.എം.വര്‍ഗീസിനായിരുന്നു. 

നിലവില്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയാണ് എം.എം.വര്‍ഗീസ്. പാര്‍ട്ടി കണ്‍ട്രോള്‍ കമ്മിഷനംഗം. ദീര്‍ഘകാലം തൃശൂര്‍ ഏരിയാ സെക്രട്ടറിയുമായിരുന്നു. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഒരിക്കല്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. നിലവിലെ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളില്‍ മുതിര്‍ന്ന നേതാവാണ്. ജില്ലാ സെക്രട്ടറിയായിരുന്ന കെ.രാധാകൃഷ്ണന്‍ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുകയും പ്രവര്‍ത്തനകേന്ദ്രം തിരുവനന്തപുര ത്തേക്ക് മാറ്റുകയും ചെയ്തതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടി വന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി എ.സി.മൊയ്തീന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സംസ്ഥാന സമിതി അംഗം എന്‍.ആര്‍.ബാലന്‍റേയും ജില്ലാ സെക്രട്ടേറിയറ്റംഗം യു.പി.ജോസഫിന്റേയും പേരുകള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്കു പരിഗണിക്കപ്പെട്ടിരുന്നു. സീനിയോറിറ്റിയില്‍ മുമ്പിലായ എം.എം.വര്‍ഗീസിനെയാണ് അവസാനം തീരുമാനിച്ചത്.