കേരള സാഹിത്യ അക്കാദമിയിലെ പഴയകാല പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി. 1960 വരെയുള്ള പുസ്തകങ്ങളാണ് ഡിജിറ്റല്‍ രൂപത്തിലാക്കിയത്.  പ്രമുഖ എഴുത്തുകാരുടെ ശബ്ദരേഖ. ജീവചരിത്രത്തിന്റെ ചെറുരൂപം എല്ലാം ഇനി ഓണ്‍ലൈനായി കിട്ടും. അക്കാദമിയുടെ ഡിജിറ്റല്‍ ലൈബ്രറി വിഭാഗത്തില്‍ ലോഗിന്‍ ചെയ്താല്‍ മതി. 

രണ്ടു കോടി രൂപ ചെലവിട്ടാണ് പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്. ആകെ ഒന്നരലക്ഷം പുസ്തകങ്ങളാണ് സാഹിത്യ അക്കാദമി ലൈബ്രറിയിലുള്ളത്. 1772ല്‍ റോമില്‍ അച്ചടിച്ച മലയാളത്തിലെ ആദ്യ പുസ്തകം. കേരളത്തില്‍ ആദ്യമായി അച്ചടിച്ച ചെറുപുസ്തകം തുടങ്ങി പതിനായിരം പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി.

രസികരഞ്ജിനി, അപ്പൻ തമ്പുരാൻ പുറത്തിറക്കിയ മംഗളോദയം ഉള്‍പ്പെടെയുളള പഴയ ആനുകാലികങ്ങളും ഡിജിറ്റലാക്കുന്ന ജോലികള്‍ തുടരുകയാണ്. ഇതോടെ ലോകത്ത് എവിടെയിരുന്നും ഒരൊറ്റ ക്ലിക്കില്‍ അക്കാദമിയിലെ പുസ്തകങ്ങള്‍ വായിക്കാം.