മറയൂരിലെ കരിമ്പ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി വെള്ളീച്ച ശല്ല്യം

ഇടുക്കി മറയൂരിലെ കരിമ്പ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി വെള്ളീച്ച ശല്ല്യം. വെള്ളീച്ചകള്‍  അതിവേഗം തോട്ടം മുഴുവന്‍ വ്യാപിക്കുന്നത് നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയാണ് കര്‍ഷകരെ വലയ്ക്കുന്നത്. കരിമ്പ് വിപണി നഷ്ടത്തിലേയ്ക്ക് കൂപ്പ്കുത്തുകയാണെന്നും കൃഷിവകുപ്പ് പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും കര്‍ഷകര്‍ അവശ്യപ്പെട്ടു.  

വര്‍ഷങ്ങള്‍ക്ക് ശേഷമാണ്  മറയൂരിലെ കരിമ്പ് പാടങ്ങളില്‍  വെള്ളീച്ച ശല്ല്യം രൂക്ഷമായത്. കാന്തല്ലൂര്‍ പഞ്ചായത്ത് മിഷ്യന്‍വയല്‍, ആനക്കാല്‍പെട്ടി, ചെറുവാട് തുടങ്ങിയ മേഖലകളിലാണ്  പ്രദേശവാസികള്‍ക്കിടയില്‍ സുനാമി എന്ന് അറിയപെടുന്ന വെള്ളീച്ച ബാധ വ്യാപകമായത്. കരിമ്പിന്‍ തണ്ടിലും ഓലകളിലും വെളുത്ത  പൊടിപോലെ  പറ്റിപിടിച്ച് നീരൂറ്റികുടിച്ചാണ് കരിമ്പിനെ നശിപ്പിക്കുന്നത്

കാറ്റിലൂടെ അതിവേഗമാണി  വെള്ളീച്ച രോഗം പരക്കുന്നത്. ഇതുവഴി  കരിമ്പുകളില്‍ നിന്ന് 60 ശതമാനം  വരെ ഉത്പാദനം കുറയും. മുന്‍പ്  രോഗബാധയുണ്ടായ സമയത്ത് കോയമ്പത്തൂര്‍ ഷുഗര്‍കെയ്ന്‍ ബ്രീഡിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  നിന്നുള്ള ശാസ്ത്രജ്ഞരെത്തിയാണ്  രോഗം നിയന്ത്രണ വിധേയമാക്കിയത്.  കീടനാശിനി പ്രയോഗം നടത്തിയിട്ടും പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്നാണ്  കര്‍ഷകര്‍ പറയുന്നത്.