വള്ളംകളിക്കാലത്തിന് തുടക്കം കുറിച്ച് ചമ്പക്കുളം ജലോത്സവം നാളെ

വള്ളംകളിക്കാലത്തിന് തുടക്കംകുറിച്ച് ചമ്പക്കുളം മൂലം ജലോല്‍സവം നാളെ. പമ്പയാറ്റിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ വള്ളംകളിയില്‍ ആറ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 19 കളിവള്ളങ്ങൾ മത്സരിക്കും. പരാതി രഹിതമാക്കാൻ നൂതന ടൈമിംഗ് സമ്പ്രദായം ഇത്തവണ ആദ്യമായി ഉപയോഗിക്കുന്നുണ്ട്

കേരളത്തിലെ വള്ളംകളി പ്രേമികള്‍ക്കുള്ള സീസണിലെ ആദ്യ ജലോല്‍സവമാണ് ചമ്പക്കുളം മൂലം വള്ളംകളി. വിവിധ ജില്ലകളില്‍ നടക്കാനിരിക്കുന്ന ജലമേളകളുടെ ആരംഭമാണ് മിഥുനമാസത്തിലെ മൂലംനാളില്‍ പമ്പയാറ്റില്‍ നടക്കുന്നത്. ചുണ്ടൻ വള്ളങ്ങള്‍ക്ക് പുറമെ ഇരുട്ടുകുത്തി, വെപ്പ് വിഭാഗങ്ങളിലും മല്‍സരങ്ങള്‍ ഉണ്ട്. ആറു ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ തുഴയെറിയുന്നത്. പരാതികൾ ഒഴിവാക്കാൻ നെഹ്‌റു ട്രോഫി മാതൃകയിൽ നൂതന ടൈമിംഗ് സമ്പ്രദായവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്

കുറിച്ചി ക്ഷേത്രത്തില്‍നിന്ന് ചമ്പക്കുളത്തെ മാപ്പിളശേരി തറവാട്ടില്‍ എത്തിച്ച പ്രതിഷ്ഠാവിഗ്രഹം ജലഘോഷയാത്രയായി അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്ക് കൊണ്ടുപോയതിന്റെ ചരിത്ര സ്മരണയിലാണ് മൂലം ജലോല്‍സവം നടക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ മേള ഉദ്ഘാടനം ചെയ്യും