വട്ടവടയില്‍ സ്‌ട്രോബറി കൃഷി സജീവമാകുന്നു

ഒരിടവേളയ്ക്ക് ശേഷം ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയില്‍ സ്‌ട്രോബറി കൃഷി സജീവമാകുന്നു. കുറഞ്ഞ കാലയളവില്‍ കൂടുതല്‍ വരുമാനം കണ്ടെത്തുവാന്‍ കഴിയുന്നതിനാല്‍ നിരവധി കര്‍ഷകരാണ്  സ്‌ട്രോബറി കൃഷിയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നത്. സ്‌ട്രോബറിയുടെ മൂല്യവര്‍ദ്ദിത ഉല്‍പ്പന്നങ്ങളും കര്‍ഷകര്‍ തന്നെ വിപണിയില്‍ എത്തിയ്ക്കുന്നുണ്ട്.

കാലാവസ്ഥയിലുണ്ടായ മാറ്റവും വിലതകര്‍ച്ചയും തിരിച്ചടിയായപ്പോള്‍ കര്‍ഷകര്‍ സ്‌ട്രോബറി കൃഷിയില്‍ നിന്ന് പിന്മാറിയിരുന്നു.  എന്നാല്‍ നിലവില്‍ കാലാവസ്ഥ അനുകൂലമാകുകയും ഉയര്‍ന്ന വില ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വട്ടവടയിലെ കര്‍ഷകര്‍ വീണ്ടും സ്‌ട്രോബറി കൃഷിയിലേയ്ക്ക് തിരിഞ്ഞത്. പുതിയ തൈ നട്ടുപരിപാലിച്ചാല്‍  ആറ് വര്‍ഷം വരെ വിളവെടുക്കാന്‍ കഴിയും. വര്‍ഷത്തില്‍ മൂന്ന് തവണ വിളവെടുക്കാം.  ഒരു കിലോയ്ക്ക് 400 മുതല്‍ 600 വരെ വില ലഭിയ്ക്കുന്നുണ്ട്.  സ്ട്രോബറിയില്‍ നിന്ന് ജാം, വൈന്‍, ശീതളപാനീയങ്ങള്‍ തുടങ്ങിയ ഉല്പ്പന്നങ്ങളില്‍ നിന്നും മികച്ച ലാഭമാണുണ്ടാകുന്നത്. വട്ടവടയിലെത്തിയാല്‍ സ്ട്രോബറി ഉല്പ്പന്നങ്ങള്‍ വാങ്ങാതെ സഞ്ചാരികളും മടങ്ങാറില്ല. 

കഴിഞ്ഞ സീസണില്‍ ഇവിടെ നിര്‍മ്മിച്ച സ്ട്രോബറി ഉല്പന്നങ്ങള്‍ എല്ലാം തന്നെ വിറ്റു തീര്‍ന്നു. രാസവസ്തുക്കളുടെ ഉപയോഗമില്ലാതെ സമ്പൂര്‍ണ്ണ ജൈവവളമുപയോഗിച്ച് വളര്‍ത്തുന്നതും വട്ടവടയിലെ സ്ട്രോബറിയെ പ്രിയങ്കരമാക്കുന്നു. സ്ട്രോബറിയ്ക്ക് പ്രിയമേറിയതോടെ സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ് മിഷന്‍ പ്രത്യേക പദ്ധതി തയ്യാറാക്കി കൃഷി ഭവന്‍ വഴിയായി കഴിഞ്ഞ ശീതകാല സീസണില്‍ 32000 തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. ഇത് മേഖലയില്‍ സ്‌ട്രോബറി കൃഷി വ്യാപിപ്പിക്കുവാന്‍ സഹായകമായി.