കേരള പൊലീസിന്‍റെ തുണ; ഓണ്‍ലൈനായി പരാതി സമർപ്പിക്കാം

കേരള പൊലീസിന്റെ പുതിയ ഓണ്‍ലൈന്‍ പരാതി സമര്‍പ്പണം തൃശൂരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി. പൊലീസ് സ്റ്റേഷനില്‍ നേരിട്ടു ഹാജാരാകാതെ പൊലീസിന്റെ സേവനം ഉറപ്പാക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിന് തൃശൂരില്‍ അനുകൂലമായ  പ്രതികരണമാണ്.കേരള പൊലീസിന്റെ തുണ വെബ്സൈറ്റില്‍ ഒരിക്കല്‍ പേരും വിശദാംശങ്ങളും മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ മതി. പിന്നെ, സ്റ്റേഷനുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭിക്കും. ഉദാഹരണത്തിന്, വണ്ടി ഏതെങ്കിലും വണ്ടിയല്‍ ചെറുതായൊന്നു തട്ടിയെന്നിരിക്കുക. ഇന്‍ഷൂറന്‍സ് കിട്ടാനുള്ള പൊലീസ് രേഖയായ ജീഡി എന്‍ട്രിയ്ക്കു വേണ്ടി സ്റ്റേഷനില്‍ കയറി നിരങ്ങേണ്ട. ഓണ്‍ലൈനായി ജിഡീ എന്‍ട്രി ലഭിക്കും. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, എന്‍.ഒ.സി. തുടങ്ങി നിരവധി സേവനങ്ങള്‍ ഈ സൈറ്റില്‍ ലഭ്യമാണ്. തൃശൂര്‍ സിറ്റി പൊലീസിന് കീഴില്‍ നടപ്പാക്കിയ ഈ സംവിധാനം വിജയകരമാണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്. യതീഷ്ചന്ദ്ര പറഞ്ഞു.പൊലീസ് സ്റ്റേഷനില്‍ ചെന്ന് നേരിട്ട് പരാതി നല്‍കുമ്പോള്‍ പൊതുജനത്തിന് നേരിടേണ്ടി വരുന്ന മോശം പെരുമാറ്റം ഇനി കാണേണ്ടെന്നാണ് ഈ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ സവിശേഷത.