ഇടുക്കിജില്ലയിലെ കർഷകരുടെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് ഹൈവേ ഉപരോധം

ഇടുക്കി ജില്ലയിലെ എട്ട് വില്ലേജുകളില്‍ നിലവിലുള്ള ജനദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വം നല്‍കുന്ന അതിജീവന പോരാട്ട വേദി അടിമാലിയില്‍ ദേശീയ പാത ഉപരോധിക്കുന്നു. വൈകിട്ട് ആറുവരെയാണ് ഉപരോധം. ഗതാഗതം പൂർണമായി തടസപ്പെട്ടു 

മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യൂണലിന് കീഴിലുള്ള കെഡിഎച്ച്, പള്ളിവാസല്‍, ആനവിരട്ടി, വെള്ളത്തൂവല്‍,ബൈസന്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, ആനവിലാസം എന്നീ വില്ലേജുകളില്‍ നിലവിലുള്ള കര്‍ശന കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്നതാണ് പ്രധാന ആവശ്യം. ഭൂപതിവായി ലഭിച്ച പട്ടയഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കുക, പഞ്ചായത്ത് അനുമതിയോടെ നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുക, കര്‍ഷകര്‍ വച്ചുപിടിപ്പിച്ച 28 ഇനം മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍, ഡിസിസി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍, കെപിസിസി വൈസ് പ്രസി‍ഡന്‍റ് എകെ മണി, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, സിപിഐ പ്രദേശിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തെങ്കിലും സിപിഐ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു. സര്‍ക്കാര്‍ ഉത്തരവിറക്കുന്നെങ്കിലും ഫലപ്രദമായി നടപ്പാന്‍ ശ്രമിക്കുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍,

സമരത്തിന്‍റെ ഭാഗമായി രാവിലെ പത്ത് മുതല്‍ കൊച്ചി മധുര ദേശീയ പാതയും കുമളി അടിമാലി പാതയും പൂര്‍ണമായും ഉപരോധിച്ചു. നേര്യമംഗലത്തും മൂന്നാറിലും വാഹനങ്ങള്‍ പൊലീസ് വഴിതിരിച്ച് വിട്ടു. തോട്ടം തൊഴിലാളി സ്ത്രീകളും ഹൈറേഞ്ച് സംരക്ഷണ സമിതി പ്രവര്‍ത്തകരും ഉള്‍പ്പെടെ രണ്ടായിരത്തിലധികം ആളുകള്‍ സമരത്തില്‍ പങ്കെടുക്കാനെത്തി.