കുരൂർ തോട് കരകവിഞ്ഞു, ജവഹർ കോളനി വെള്ളത്തിലായി

എറണാകളും കോതമംഗലം കുരൂർ തോട് കരകവിഞ്ഞ് തങ്കളം ജവഹർ കോളനി നിവാസികള്‍ ദുരിതത്തില്‍. കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രദേശവാസികളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാർപ്പിച്ചു. അതേസമയം ദുരിതം വിതച്ച ഭൂതത്താൻകെട്ടിൽ ജില്ലാ കളക്ടറുടെയും MLAയുടെയും നേതൃത്വത്തിൽ സന്ദർശനം നടത്തി. 

കാലവർഷം ശക്തി പ്രാപിച്ച് തോരാതെ പെയ്ത മഴയിൽ ബുധനാഴ്ച രാത്രിയാണ് തങ്കളം ജവഹർ കോളനി വെള്ളത്തിനടിയിലായത്. പൊലീസും, ഫയർ ഫോഴ്‌സും, മറ്റ് ഉദ്യോഗസ്ഥരും രാത്രി തന്നെ സ്ഥലത്തെത്തി നാട്ടുകാരോട് കോതമംഗലം ടൗൺ യുപി സ്കൂളിലേക്ക് മാറാൻ ആവശ്യപ്പെടുകയായിരുന്നു. 33 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യംപിലുള്ളത്. ദുരിതാശ്വാസ ക്യാംപിലെത്തി ജില്ലാ കലക്ടർ മുഹമ്മദ് Y സഫീറുള്ളയും MLA ആന്റണി ജോണും സ്ഥിതികൾ വിലയിരുത്തി. 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ജവഹർ കോളനി നിവാസികൾ ഈ ദുരിതം അനുഭവിക്കുന്നതാണ്. അതേസമയം റോഡ് രണ്ടായി പിളർന്ന ഭൂതത്താൻകെട്ടില്‍ ഉടന്‍ തന്നെ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. റോഡിനു കുറുകെ ആഴത്തിൽ കൂറ്റൻ പൈപ്പ് സ്ഥാപിച്ച് ഒരു വശത്ത് കൂടി ഗതാഗതം പുനരാരംഭിക്കാനാണ് ശ്രമം നടക്കുന്നത്.