അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ജാര്‍ഖണ്ഡ് സ്വദേശിക്ക് കേരളത്തിൽ പുതുജീവിതം

14 മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ജാര്‍ഖണ്ഡ് സ്വദേശിക്ക് പുതുജീവിതം സമ്മാനിച്ച് കൊച്ചി അമൃത ആശുപത്രി. ജാര്‍ഖണ്ഡില്‍ നിന്നുള്ള അമര്‍ സമദിന്റെ താടിയെല്ലിലെ അഞ്ച് കിലോയോളം വലുപ്പമുള്ള മുഴയാണ് നീക്കം ചെയ്തത്. ഇത്രവലുപ്പമുള്ള മുഴ ആരിലും ഇന്നോളം കണ്ടെത്തിയിട്ടില്ലെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു.

19 കാരനായ അമര്‍ സമദ് കഴിഞ്ഞ 10 വര്‍ഷമായി ജീവിക്കുന്നത് താടിയെല്ലില്‍ വളര്‍ന്ന് വന്ന തലയോളം വലുപ്പമുള്ള ട്യൂമറുമായാണ്. പല ഡോക്ടര്‍മാരും കയ്യൊഴിഞ്ഞതോടെ ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് അമര്‍ കൊച്ചി അമൃത ആശുപത്രിയിലെത്തുന്നത്. ട്യൂമര്‍ നീക്കം ചെയ്യുന്നതിനൊപ്പം താടിയെല്ലിന്റെ പുനര്‍നിര്‍മാണവും ഏറെ വെല്ലുവിളിയായിരുന്നു. ഇടത് കണ്ണിനെ സംരക്ഷിച്ച് തന്നെയാണ് ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ പൂര്‍ണമായും നീക്കം ചെയ്തത്. 

ഇനി ആറ് മാസത്തെ ചികിത്സകൂടി പൂര്ത്തിയാക്കാനുണ്ട്. സൗജന്യചികിത്സയാണ് അമറിന് അമൃത ആശുപത്രി നല്‍കുന്നതും. നാട്ടിലേക്ക് മടങ്ങി സാധാരണ അവസ്ഥയില്‍ ജീവിക്കാനുള്ള കാത്തിരിപ്പിലാണ് അമറിപ്പോള്‍