മരടിലെ സ്കൂൾ ബസ് അപകടം; നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം

മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ സ്കൂൾബസ് അപകടം ചർച്ച ചെയ്ത മരട് നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ ബഹളം. അപകടസ്ഥലത്ത് പാർശ്വഭിത്തി കെട്ടുവാൻ യോഗത്തിൽ തീരുമാനമായി.

കുളത്തിന് സംരക്ഷണ ഭിത്തി കെട്ടണം എന്ന് വാർഡുതല യോഗത്തിൽ ഉയർന്ന ആവശ്യം നഗരസഭ പരിഗണിച്ചില്ലെന്ന് എൽഡിഎഫ് അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ രണ്ടര വർഷമായി ആരും ഈ വിഷയം ഉന്നയിച്ചിട്ടില്ലെന്നായിരുന്നു. ഡിവിഷൻ കൗൺസിലറുടെയും നഗരസഭാധ്യക്ഷയുടെയും വാദം. ഇതോടെ തർക്കം രൂക്ഷമായി.

അപകടസ്ഥലത്ത് പാർശ്വഭിത്തി കെട്ടുവാൻ 4.65 ലക്ഷത്തിന്റെ എസ്റ്റിമേറ്റിന് കൗൺസിൽ യോഗം അംഗീകാരം നൽകി. ഇതിനുള്ള തുക നഗരസഭയുടെ ദുരിതാശ്വാസഫണ്ടിൽ നിന്ന്  കണ്ടെത്തും. റോഡിനു കൂടുതൽ ബലം കിട്ടുന്ന വിധത്തിൽ വീതിയോടെയാകും ഭിത്തി നിർമിക്കുക. മരട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം ആശ്വാസധനം നൽകണമെന്ന മുൻ വൈസ് ചെയർമാൻ ആന്റണി ആശാൻപറമ്പിലിന്റെ ആവശ്യം സർക്കാറിന് കൈമാറാനും യോഗത്തിൽ തീരുമാനമായി.