എറണാകുളം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ മഴക്കെടുതി രൂക്ഷം

എറണാകുളം  ജില്ലയുടെ കിഴക്കന്‍മേഖലയില്‍ മഴക്കെടുതിയും രൂക്ഷം. കോതമംഗലം ഭൂതത്താന്‍കെട്ട് ഇടമലയാര്‍ റോഡില്‍ കലുങ്ക് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. മഴ നിലച്ചാല്‍ മാത്രമേ റോഡ് ഇനി പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കൂ.

വട്ടാട്ടുപാറയില്‍ 15 മീറ്ററോളം ദൂരത്തില്‍ കലുങ്ക് പൂര്‍ണമായും തകര്‍ന്നു.  കോതമംഗലത്ത് നിന്ന് ഇടമലയാര്‍, വടാട്ടുപാറ, താളുംകണ്ടം, ചക്കിമേട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഏക യാത്രാമാര്‍ഗം ഇതോടെ അടഞ്ഞു. ഭൂതത്താന്‍കെട്ട് ഡാമിന് സമീപം 50 വര്‍ഷം മുന്‍പ് പണിത കലുങ്കാണിത്. പുലര്‍ച്ചെ ബൈക്കില്‍ ഇതുവഴി കടന്ന് പോയ ആപ്പിള്ളില്‍  ജയനും സഹോദരന്‍ വിജയനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇവരുടെ ബൈക്ക് കുഴിയില്‍ താഴ്ന്നുപോയി. കലുങ്ക് തകര‍്‍ന്ന് ഗതാഗതം തടസപ്പെട്ടതോടെ വടാട്ടുപാറയിെല നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ എത്താനും കഴിയാതായി. 

തുണ്ടം വഴി മലയാറ്റൂര്‍ എത്തുന്ന വനപാത മാത്രമാണ് ഇനി ഇവര്‍ക്ക് ആശ്രയം. പക്ഷേ ആന ശല്യം ഉള്ളതിനാല്‍ വനംവകുപ്പ് ഇത് വഴിയുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്. കലുങ്ക് തകര്‍ന്ന് പ്രദേശത്ത് മണ്ണടിച്ച് താല്ക്കാലികമായി നടപാതയുണ്ടാക്കാനുള്ള ശ്രമം തുടങ്ങി. മഴ മാറിയാലേ റോഡ് അറ്റകുറ്റപ്പണി ഇനി സാധ്യമാകൂ.‌‌