ഉരുള്‍പൊട്ടല്‍; ഇടുക്കി ജില്ലയില്‍ ഗതാഗതം തടസപ്പെട്ടു

ഇടുക്കി ജില്ലയില്‍ ശക്തമായ കാറ്റിലും ഉരുള്‍പൊട്ടലിലും ഗതാഗതം തടസപ്പെട്ടു. ജില്ലയില്‍ 9 വീടുകള്‍ പൂര്‍ണമായും 106 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജലനിരപ്പുയര്‍ന്നതിനാല്‍ മലങ്കര ഡാം തുറന്നുവിട്ടു.

കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ 71.64 മില്ലീമീറ്റർ മഴയാണു പെ‌യ്തത്. തൊട്ടുമുൻപുള്ള ദിവസത്തേക്കാൾ 23.14 മില്ലീമീറ്റർ അധികം മഴ ലഭിച്ചു. കാലവർഷമാരംഭിച്ചശേഷം ആദ്യമായാണു ഇത്രയുമധികം മഴ ലഭിക്കുന്നതെന്നാണു കണക്കുകൾ. കഴിഞ്ഞദിവസം ഏറ്റവുമധികം മഴ രേഖപ്പെടുത്തിയതു പീരുമേട് താലൂക്കിലാണ് 112 മില്ലീമീറ്റർ. കാലവർഷം കലി തുള്ളിയപ്പോൾ കഴിഞ്ഞ 48 മണിക്കൂറിനിടെ  ഇടുക്കി ജില്ലയില്‍  ഒൻപതു വീടുകൾ പൂർണമായും  106 വീടുകൾ ഭാഗികമായും തകർന്നു. ഇടുക്കി താലൂക്കിൽ നാലു വീടുകൾ പൂർണമായും 49 വീടുകൾ ഭാഗികമായും തകർന്നപ്പോൾ ഉടുമ്പൻചോല താലൂക്കിൽ ഒരു വീടു പൂർണമായും 28 വീടുകൾ ഭാഗികമായും തകർന്നതായാണു ഔദ്യോഗിക കണക്ക്.പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.  ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി. മരങ്ങള്‍ കടപുഴകി വീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുണ്ടായി. ജലനിരപ്പുയര്‍ന്നതിനാല്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വിട്ടു. തൊടുപുഴയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിദേശമുണ്ട്.ജില്ലയില്‍ പലയിടത്തും മൂന്ന് ദിവസമായി വൈദ്യുതി ബന്ധം തകരാറിലാണ്.