കരാർ കാലാവധി അവസാനിച്ചു; ആലപ്പുഴ ബൈപാസ് പാതിവഴിയിൽ

ആലപ്പുഴ ബൈപാസിന്റെ കരാര്‍ കാലാവധി അവസാനിച്ചിട്ടും നിര്‍മാണം പൂര്‍ത്തിയായില്ല. റയില്‍വെ മേല്‍പാലങ്ങള്‍ക്കുള്ള അനുമതി വൈകുന്നതാണ് പ്രധാന തടസം. എന്നാല്‍ മൂന്നുമാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കുമെന്നാണ് സ്ഥലം എം.പി, കെ.സി.വേണുഗോപാലിന്റെ ഉറപ്പ്. മേല്‍പാലത്തിന്റ അനുമതിക്കായി സമര്‍പ്പിച്ച രൂപരേഖ പുതുക്കണമെന്നായിരുന്നു നേരത്തെ റയില്‍വെ ഡിവിഷന്‍ ആവശ്യപ്പെട്ടത്. പുതിയ രൂപരേഖയാണ് ഇപ്പോൾ റെയിൽവേയുടെ പരിഗണനയിലുള്ളത്. എന്നാൽ ഇത് ലഭിക്കാന്‍ വൈകിയെന്ന വാദമാണ് റെയിൽവേ അധികൃതർ ഉന്നയിക്കുന്നത്. അതാണു തുടർനടപടികൾ വൈകാൻ കാരണം. സുരക്ഷാ അനുമതി കാലതാമസം കൂടാതെ ലഭ്യമാക്കാൻ നടപടികൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു  ദക്ഷിണ റെയിൽവേ ജനറൽ മാനേജരുമായും ചർച്ച നടത്തിയെന്ന് എംപി അറിയിച്ചു.  ബൈപാസ് നിർമാണത്തിന്റെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. ബൈപാസ് നിർമാണത്തിന്റെ 88 ശതമാനമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. മേയ് 29നു കാലാവധി അവസാനിച്ചതിനാൽ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് കരാറുകാർ അധികൃതരെ സമീപിച്ചിരിക്കുകയാണ്. റെയിൽവേ അനുമതി ലഭിച്ചാൽ മൂന്നു മാസത്തിനകം നിർമാണം പൂർത്തായാക്കാമെന്നാണ് കരാർ ഏറ്റെടുത്ത കമ്പനി നല്‍കുന്ന ഉറപ്പ്. മെയ് മാസത്തില്‍ ബൈപാസ് തുറന്നുകൊടുക്കുമെന്നായിരുന്നു മന്ത്രി ജി.സുധാകരന്റെ വാക്ക്. മഴ തുടങ്ങിയതോടെ പണിവീണ്ടും ഇഴഞ്ഞുനീങ്ങുകയാണ്