എറണാകുളം െക.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്‍റെ ദയനീയാവസ്ഥ; വിമര്‍ശനവുമായി ഹൈബി

എറണാകുളം െക.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനെ ദയനീയാവസ്ഥയ്ക്ക് ഗതാഗതമന്ത്രിയെയും സംസ്ഥാനസര്‍ക്കാരിനെയും പരസ്യമായി പഴിചാരി ഹൈബി ഈഡന്‍ എം.എല്‍.എ. സ്റ്റാന്‍ഡിന്റെ നവീകരണത്തിന് രണ്ടുകോടി രൂപ എം.എല്‍.എ ഫണ്ടില്‍നിന്ന് കൊടുത്തിട്ടും ഉപേക്ഷയുണ്ടായെന്നും െക.എസ്.ആര്‍.ടി.സി എന്‍ജിനീയറിങ് വിഭാഗത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നുമാണ്   ഹൈബി ഈഡന്റെ ആരോപണം. കെ.എം.ആര്‍.എല്ലിന്റെ കൊച്ചി വണ്‍ മെട്രോ കാര്‍ഡ് വ്യാപിക്കുന്നതിന്റെ ഒൗദ്യോഗികപരിപാടിയായിരുന്നു വിമര്‍ശനവേദി.

പുതിയൊരു ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ളക്സ് എറണാകുളത്ത് യാഥാര്‍ഥ്യമാക്കാമെന്ന പ്രഖ്യാപനം പാതിവഴിയില്‍ മുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡന്‍ പ്രസംഗം തുടങ്ങിയത്. രണ്ട് കോടി രൂപ എം.എല്‍.എ ഫണ്ടില്‍നിന്ന് കൊടുത്തിട്ടും നിര്‍മാണത്തില്‍ പാകപിഴകളുണ്ടായി. ഇത് നിയമസഭയിലും ഗതാഗതമന്ത്രിയോട് േനരിട്ടും പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് മന്ത്രിയെ വേദിയിലിരുത്തി ഹൈബി തുറന്നടിച്ചു.

കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടുവെന്നാണ് ഹൈബിയുടെ വിമര്‍ശനം. പലതവണ പറഞ്ഞിട്ടും പരിഹാരമാകാത്തുകൊണ്ടാണ് കൊച്ചിക്കാരുെട മുന്നില്‍വച്ച് പറയുന്നതെന്നുംകൂടി പറഞ്ഞുവച്ചു ഹൈബി. 

ഹൈബിയുടെ പ്രസംഗംകഴിഞ്ഞയുടന്‍ പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെ മന്ത്രി മടങ്ങി.