ജനസേവാശിശുഭവൻ ഏറ്റെടുത്ത സർക്കാർ നടപടിക്കെതിരെ നടത്തിപ്പ് സമിതി

ആലുവ ജനസേവ ശിശുഭവന്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ ആരോപണവുമായി ജനസേവ നടത്തിപ്പുകാര്‍ രംഗത്തത്തുന്നു. ജനസേവക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ ശിശുക്ഷേമ സമിതിയുടേത് പകപോക്കലാണെന്ന് ജനസേവ സെക്രട്ടറി ഇന്ദിര ശബരീനാഥ് പറഞ്ഞു. ജനസേവയിലെ 62 കുട്ടികളെ കാണാനില്ലെന്ന്് ആരോപണം ഉന്നയിച്ചവര്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കി കേസാക്കിയില്ല. സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ജനസേവ അധികൃതര്‍ പറയുന്നു. 

 ഇതടക്കം ആരോപിച്ച കുറ്റങ്ങളെല്ലാം ജില്ലാ ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് ഈ ഉത്തരവിലുണ്ട്. എന്നാല്‍ സമിതിയുടെയും ചെയര്‍പേഴ്സന്റെയും തെറ്റായ നടപടികളെ പല കോടതികളില്‍ ചോദ്യം ചെയ്തതിന്റെ പകപോക്കലാണ് ഇതെന്നാണ് ജനസേവയുടെ നിലപാട്. കാണാതായവരില്‍ നാലു കുട്ടികളെ തൃശൂരില്‍ ഭിക്ഷാടനത്തിനിരിക്കെ കണ്ടെത്തിയെന്ന ശിശുക്ഷേമ സമിതിയുടെ ആരോപണത്തെ കുട്ടികളുടെ മാതാപിതാക്കളും തള്ളുന്നു. അവധിക്ക് പോയ കുട്ടികള്‍ തനിക്കൊപ്പം മടങ്ങുമ്പോഴാണ് തൃശൂരില്‍ വച്ച് പിടികൂടിയതെന്ന് അമ്മ ബിന്ദു പറയുന്നു.  

ഞായറാഴ്ചയാണ് അന്തേവാസികളായ കുട്ടികളെ അടക്കം ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. നടപടിക്ക് പിന്നില്‍ ദുരുദ്ദേശ്യം ആരോപിച്ച് സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.