കീഴ്മാടിൽ ശുചിമുറി മാലിന്യം തള്ളുന്നതായി പരാതി

ആലുവ കീഴ്മാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചിമുറി മാലിന്യം തള്ളുന്നതായി പരാതി. രണ്ട് മാസത്തിനുള്ളിൽ ജനവാസ മേഖലകളിൽ ഏഴിടങ്ങളിലാണ് രാത്രിയുടെ മറവിൽ ശുചിമുറി മാലിന്യം തള്ളിയത്. പരാതി നല്‍കിയിട്ടും അധികൃതര്‍ നടപിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. 

കീഴ്മാട് പഞ്ചായത്തിലെ ജനവാസ മേഖലയില്‍ റോഡരികിലും ശുദ്ധജല കനാലുകളിലും ശുചിമുറി മാലിന്യം തള്ളുന്നത് പതിവാണ്. പൊലീസ് നടപടിയില്ലാതായതോടെ തിരക്കുള്ള റോഡരികിൽ പോലും മലിന്യം ഉപേക്ഷിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിനായി കരാറെടുക്കുന്ന മാഫിയകള്‍ തന്നെയുണ്ടെന്നാണ് ആക്ഷേപം. ആലുവ പെരുമ്പാവൂർ റോഡിൽ വൈ.എം.സി.എക്ക് മുന്നിലെ ഇറിഗേഷൻ കനാലിൽ രണ്ടിടങ്ങളിലാണ് രാത്രിയുടെ മറവില്‍  മാലിന്യം തള്ളിയത്. 

പഞ്ചായത്ത് അധികൃതരെത്തി ബ്ലീച്ചിങ്ങ് പൗഡര്‍ ഇടുന്നതാണ് ആകെയുള്ള നടപടി. പ്രധാന റോഡിൽ സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നടപടി ഉണ്ടായിട്ടില്ല. പൊലീസ് ഈ മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം.  എതാനും മാസങ്ങൾക്ക് മുന്‍പ് കക്കൂസ് മാലിന്യം തള്ളിയവരെ തടയാൻ ശ്രമിച്ച ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റിന് നേരെ ആക്രമണം ഉണ്ടായിരുന്നു.