പുതുതലമുറയിലെ ഗായകരെ വാര്‍ത്തെടുക്കാനായി സംഗീത ക്യാംപ്

പുതുതലമുറയിലെ ഗായകരെ വാര്‍ത്തെടുക്കാനായി മലയാള മനോരമ ഒരുക്കുന്ന സംഗീത ക്യാംപ് മധുരസംഗീതം  കൊച്ചിയില്‍ തുടങ്ങി. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ക്യാംപില്‍ സംഗീത മേഖലയിലെ പ്രമുഖര്‍ ക്ലാസെടുക്കും. സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ ഉദ്ഘാടനം ചെയ്തു. 

പേര് സൂചിപിക്കുന്നതു പോലെ മധുരസംഗീതം നിറഞ്ഞൊരു ക്യാംപ്. അര്‍ജുനന്‍ മാസ്റ്ററുടെ മുന്നില്‍ പാടാന്‍ സാധിച്ചതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു. ഗാനങ്ങള്‍ ആസ്വദിച്ചതിനൊപ്പം കുട്ടിക്കൂട്ടങ്ങളുടെ കുസൃതി ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അദ്ദേഹം സമയം കണ്ടെത്തി. 

ശ്രീവല്‍സന്‍ ജെ മേനോന്റെ നേതൃത്വത്തിലാണ് ക്യാംപ്. ശാസ്ത്രീയ സംഗീതത്തിന് പുറമെ കഥകളി സംഗീതം, സിനിമാ സംഗീതം തുടങ്ങിയ  മേഖലകളിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കും. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 34 കുട്ടികളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. എല്ലാ കുട്ടികളെയും അനുഗ്രഹിച്ചാണ് സംഗീതത്തിന്റെ മാസ്റ്റര്‍ മടങ്ങിയത്.