അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് വൈപ്പിന്‍ ഫോര്‍ട്ട്കൊച്ചി റൂട്ടിലെ റോ റോ ജങ്കാര്‍ സര്‍വീസ് തുടങ്ങി. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മു‍തല്‍ വൈകിട്ട് ആറ് വരെയാണ് സര്‍വീസ്. റോ റോ ഒാടിക്കാന്‍ വൈദഗ്ധ്യമുള്ള ഏക ഫസ്റ്റ് ക്ലാസ് മാസ്റ്ററെ ആശ്രയിച്ചുള്ള ജങ്കാറിന്റെ യാത്രയാണ് സര്‍വീസ് തുടരുന്നത് സംബന്ധിച്ച ആശങ്ക നിലനിര്‍ത്തുന്നതും. 

ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ വിന്‍സന്റ് വലത് കൈ കൊണ്ട് എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചതോടെ മൂന്നാഴ്ചയിലധികം ചലനമറ്റ് കിടന്ന റോറോയ്ക്ക് വീണ്ടും ജീവന്‍ വച്ചു. നിറയെ യാത്രക്കാരും വാഹനങ്ങളുമായി തന്നെയാണ് രാവിലെ ഒന്‍പത് മണിക്ക് ഫോര്‍ട്ട് കൊച്ചി ജട്ടിയില്‍ നിന്ന് റോ റോ വൈപ്പിനിലേക്ക് ഒഴുകിയെത്തിയത് .

ഒന്‍പത് മണിക്കൂര്‍ നേരമാണ് റോ റോയുടെ സര്‍വീസ് . പക്ഷേ രാവിലെ ഒന്‍പതിനാരംഭിക്കുന്ന സര്‍വീസ് വൈകിട്ട് ആറിന് നിര്‍ത്തുന്നതിനോട് യാത്രക്കാര്‍ക്ക് വലിയ യോജിപ്പില്ല. കൊടുങ്ങല്ലൂര്‍, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരെ കൂടി ഫോര്‍ട്ട് കൊച്ചിയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന യാത്രാമാര്‍ഗമാണിത്. അതിനാല്‍ തന്നെ രാത്രിയും സര്‍വീസ് തുടരണമെന്നാണ് ഇവരുടെ ആവശ്യം.

ഒരു ഫസ്റ്റ് ക്ലാസ് മാസ്റ്ററെ മാത്രം ആശ്രയിച്ചുള്ള സര്‍വീസ് ആയതിനാല്‍ തന്നെ എട്ടുമണിക്കൂറില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നതിനോട് നടത്തിപ്പ് കരാര്‍ എടുത്തിരിക്കുന്ന കെഎസ്ഐഎന്‍സിക്ക് ഇപ്പോഴും യോജിപ്പില്ല. കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കാന്‍ ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍മാരെ എത്തിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഐഎന്‍സി. ഷിപ്പ്്്യാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തിയായ രണ്ടാമത്തെ റോറോ വെസലിന്റെ സര്‍വീസ് ആരംഭിക്കാനുള്ള തടസവും ഒാടിക്കാന്‍ വൈദഗ്ധ്യമുള്ളവരുടെ കുറവ് തന്നെ. 

ഇതിന് പുറമെ വൈപ്പിന്‍ ജെട്ടിയിലെ ഡോര്‍ഫിന്‍ മൂറിങും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതി സൂക്ഷ്മതയോടെ മാത്രമേ ഇവിടെ ജങ്കാര്‍ അടുപ്പിക്കാന്‍ കഴിയുകയുള്ളൂ. എന്തായാലും സര്‍വീസ് മുടങ്ങാതിരിക്കാനും ജനരോഷം തടുക്കാനും നഗരസഭയും, കെഎസ്ഐഎന്‍സിയും അതീവ ജാഗ്രതയോെട മുന്നോട്ട് പോയേ മതിയാകൂ