തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപിത്തം

തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപിത്തം. അടുത്തയാഴ്ച സര്‍വകലാശാല പരീക്ഷ

തുടങ്ങാനിരിക്കെ മഞ്ഞപിത്തം വ്യാപകമായി ബാധിച്ചത് തിരിച്ചടിയായി. പരീക്ഷ മാറ്റിവയ്ക്ണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മന്ത്രി വി.എസ്.സുനില്‍കുമാറിന് നേരിട്ട് നിവേദനം നല്‍കി. 

കഴിഞ്ഞ രണ്ടാഴ്ചയായി തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ കൂട്ടഅവധിയിലാണ്. കാരണം, ഇരുന്നൂറിലേറെ

വിദ്യാര്‍ഥികള്‍ക്കാണ് മഞ്ഞപിത്തം. ഹോസ്റ്റലുകളില്‍ കഴിയുന്നവര്‍ക്കാണ് കൂടുതലും മഞ്ഞപിത്തം ബാധിച്ചത്. കോളജിന്റേയും ഹോസ്റ്റലിന്റേയും ജലസംഭരണി വൃത്തിയാക്കിയിട്ട് നാളേറെയായെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കോളജ് അധികൃതര്‍ ഇക്കാര്യം പൊതുമരാമത്തു വകുപ്പിനോട് പലതവണ ആവശ്യപ്പെട്ടതായി. അറിയുന്നു. എന്നിട്ടും, ജലസംഭരണി വൃത്തിയാക്കല്‍ മാത്രം നടന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷവും സമാനമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ മഞ്ഞപിത്തം പടര്‍ന്നിരുന്നു.

ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് പരിസരത്തെ താല്‍ക്കാലിക ജ്യൂസ് കേന്ദ്രങ്ങള്‍ അധികൃതര്‍ അടപ്പിച്ചു. കോളജിന് താല്‍ക്കാലികമായി അവധി

നല്‍കിയിട്ടുണ്ട്. പക്ഷേ, സര്‍വകലാശാല പരീക്ഷ എഴുതേണ്ടതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുങ്ങാനും കഴിഞ്ഞിട്ടില്ല. പ്രതിസന്ധി എങ്ങനെ

മറികടക്കുമെന്ന് കോളജ് അധികൃതര്‍ക്കും അറിയില്ല.