തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റാൻ കുട്ടിചന്ദ്രശേഖരൻ ഒരുങ്ങി

തൃശൂര്‍ പൂരത്തിന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുന്നത് കുട്ടിചന്ദ്രശേഖരൻ. ശിവസുന്ദറിന്റെ വലത്തേക്കൂട്ടായി തൃശൂര്‍ പൂരത്തിന് തെക്കോട്ടിറങ്ങാറുള്ള കുട്ടിചന്ദ്രശേഖരന്‍ പൂരപ്രേമികളുടെ താരമാണ്.  

തിരുവമ്പാടി ദേശക്കാരുടെ പ്രിയപ്പെട്ട കൊമ്പനാണ് കുട്ടിചന്ദ്രശേഖരന്‍ . പതിനൊന്നു വര്‍ഷമായി തൃശൂര്‍ പൂരത്തിന് കുട്ടി ചന്ദ്രശേഖരനുണ്ട്. തിരുവമ്പാടി ശിവസുന്ദറിന്റെ വലംകൈ ആയിരുന്നു കുട്ടിചന്ദ്രശേഖരന്‍ . ശിവസുന്ദര്‍ വിടപറഞ്ഞതോടെ പൂരത്തിന് തിടമ്പേറ്റാനുള്ള നിയോഗം കുട്ടിചന്ദ്രശേഖരനായി. രാത്രിയില്‍ പൂരത്തിന് നേരത്തെ തിടമ്പേറ്റിയിട്ടുണ്ട്. പക്ഷേ, പൂര ദിനത്തില്‍ തിരുവമ്പാടിയില്‍ നിന്നുള്ള എഴുന്നള്ളിപ്പിന് കുട്ടിചന്ദ്രശേഖരന്‍ തിടമ്പേറ്റുന്നത്

ആദ്യമാണ്. 

ശിവസുന്ദറിന്റെ വിയോഗത്തില്‍ വിറങ്ങലിച്ചു നിന്ന തിരുവമ്പാടി ദേശക്കാര്‍ക്ക് കുട്ടിചന്ദ്രശേഖരനാണ് ഇനി ആശ്വാസം. തിരുവമ്പാടി

ദേശക്കാരനും നാലുപതിറ്റാണ്ടായി വെടിക്കെട്ടു കണ്‍വീനറുമായിരുന്ന ഗോപി വാരിയര്‍ 2006ലാണ് ആനയെ നടയിരുത്തിയത്. ആനയെ വാങ്ങി നടയിരുത്തിയതിന്റെ ഓര്‍മകള്‍ ഇപ്പോളും ഗോപി വാരിയരുടെ ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ഓരോ ദിവസവും കുട്ടിചന്ദ്രശേഖരനെ കുളിപ്പിച്ച് സുന്ദരനാക്കുകയാണ് ദേശക്കാര്‍. നെറ്റിപ്പട്ടം ചൂടി സ്വര്‍ണ അഴകില്‍ പൂരപറമ്പില്‍ തലയെടുപ്പോടെ നില്‍ക്കുന്പോള്‍ ചന്തം കുറയാന്‍ പാടില്ല. ഓരോ ദേശങ്ങളിലും നിരവധി ആരാധകരുണ്ട് കുട്ടിചന്ദ്രശേഖരന്. ഇരുപത്തിയെട്ടു വര്‍ഷം

തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ സാക്ഷാല്‍ തിരുവമ്പാടി ചന്ദ്രശേഖരന്റെ പിന്‍മുറക്കാരനാണ്.