ഇനി വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒറ്റ സ്വിച്ച് കൊണ്ട് നിയന്ത്രിക്കാം

എല്ലാം സ്മാര്‍ട്ടായി കൊണ്ടിരിക്കുന്ന ഈ കാലത്ത് വീട്ടിലെ മുഴുവന്‍ ഇലക്ട്രോണിക് ഉപകരണങ്ങളും ഒറ്റ ക്ലിക്ക് കൊണ്ട് നിയന്ത്രിക്കാവുന്ന സ്മാര്‍ട്ട് സ്വിച്ച് സംവിധാനത്തിന് ആവശ്യക്കാരേറുന്നു. വീടിന് പുറത്തിരുന്ന് വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിയന്ത്രിക്കാവുന്ന പുത്തന്‍ സാങ്കേതികവിദ്യയ്ക്ക് പിന്നില്‍ കൊച്ചിലെ ക്യൂരിയസ് ഫ്ലൈയെന്ന കമ്പനിയാണ്. 

പഴഞ്ചന്‍ സ്വിച്ച് ബോര്‍ഡുകളല്ല രൂപത്തിലും പ്രവര്‍ത്തനത്തിലും ഹൈടെക്കായ സ്മാര്‍ട്ട് സ്വിച്ചുകളാണ് വിപണിയിലെ താരം. ടച്ച് സ്ക്രീന്‍ സ്വിച്ച് ബോര്‍ഡുകള്‍ക്ക് പുറമെ വോയിസ് കമാന്‍ഡിന്റെയും റിമോട്ട് കണ്‍ട്രോളിന്റെയും സഹായത്തോടെ ഉപകരണങ്ങള്‍ നിയന്ത്രിക്കാമെന്നതാണ് സ്മാര്‍ട്ട് സ്വിച്ചിന്റെ പ്രത്യേകത. ലൈറ്റും ഫാനും മാത്രമല്ല വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഗൃഹോപകരണങ്ങളെല്ലാം സ്മാര്‍ട്ട് സ്വിച്ച് കൊണ്ട് നിയന്ത്രിക്കാം.

വീടിന് പുറത്താണെങ്കിലും ക്യൂറിയസ് ഫ്ലൈ ആപ്പ് ഉപയോഗിച്ച് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നിയന്ത്രിക്കാം. എ.സി, വാട്ടര്‍ ഹീറ്റര്‍ മുതലായവയ്ക്ക് സമയം ക്രമീകരിക്കാനുള്ള സംവിധാനവും സ്മാര്‍ട്ട് സ്വിച്ചിലുണ്ട്. പുതിയതായി പണിയുന്ന വീടുകളില്‍ മാത്രമല്ല, വീട് പുതുക്കുന്നവര്‍ക്കും സാധാരണ സ്വിച്ച് ബോര്‍ഡ് മാറ്റി സ്മാര്‍ട്ട് സ്വിച്ചിലേക്ക് ചുവടുമാറ്റാം. എഴുപത്തയ്യായിരം മുതല്‍ മൂന്ന് ലക്ഷം രുപവരെയാണ് സ്മാര്‍ട്ട് സ്വിച്ചിന്റെ വില.