ഏറ്റവും ആദ്യം; കൂടുതൽ പദ്ധതി തുക: നേട്ടങ്ങളുടെ നെറുകയിൽ ആലപ്പുഴ നഗരസഭ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതിത്തുകയ്ക്ക് ഏറ്റവുംആദ്യം അംഗീകാരം നേടി ആലപ്പുഴ നഗരസഭ.  70 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്കാണ് ജില്ലാആസൂത്രണ സമിതി അംഗീകാരം നൽകിയത്. ആകെ 247 പദ്ധതികൾക്കാണ് ആദ്യഘട്ടത്തില്‍തന്നെ അനുമതി ലഭിച്ചത്.

ഭവനനിര്‍മാണത്തിന് ഊന്നല്‍ നല്‍കുന്നതാണ് ആലപ്പുഴ നഗരസഭയുടെ വാര്‍ഷിക പദ്ധതി. പ്രധാനമന്ത്രി ആവാസ് യോജന, ലൈഫ് മിഷന്റെ ഫ്ലാറ്റ് എന്നീ ഭവന പദ്ധതികളിൽ അപേക്ഷ നൽകിയവർക്ക് ആവശ്യമായ സഹായം നൽകും. മൂന്നു ലക്ഷത്തിൽ നിന്നു നാലു ലക്ഷം രൂപയായി ഭവന പദ്ധതിക്കു തുക ഉയർത്തിയെങ്കിലും സംസ്ഥാന സർക്കാരിന്റെ വിഹിതം കിട്ടാത്ത സാഹചര്യത്തിലും നഗരസഭ പദ്ധതിത്തുകയിൽ നിന്നു വിഹിതം കണ്ടെത്തി. അനുമതി ലഭിച്ച 2,000 വീടുകൾ പൂർത്തീകരിക്കാനും 1,300 ഗുണഭോക്താക്കൾക്ക് അറ്റകുറ്റപ്പണിക്കും തുക വകയിരുത്തി.

വിദ്യാലയങ്ങളിൽ ആധുനിക അടുക്കള, ശുചിമുറി, നഗരത്തിലെ ഇടത്തോടുകളുടെയും ഓടകളുടെയും സംരക്ഷണം തുടങ്ങിയവയ്ക്കും തുക വകയിരുത്തി. കൊല്ലം പറവൂർ, പെരിന്തൽമണ്ണ എന്നീ നഗരസഭകളാണ് ആലപ്പുഴയുടെ ചുവടുപിടിച്ചു പിന്നാലെ എത്തിയത്. പുതിയ നിർദേശ പ്രകാരം പദ്ധതികൾ അംഗീകരിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് ഏപ്രിൽ ഒന്നു മുതൽ പദ്ധതി നിർവഹണം ആരംഭിക്കാം.