സഹപാഠിയുടെ ചികിത്സാ ചെലവിനായി പാട്ട് പാടി ഒരു കൂട്ടം വിദ്യാര്‍ഥികൾ

വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റ സഹപാഠിയുടെ ചികിത്സാ ചെലവിനായി പാട്ട് പാടുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. എറണാകുളം തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജിലെ വിദ്യാര്‍ഥികളാണ് നഗരത്തില്‍ വിവിധയിടങ്ങളിലായി ഗാനമേളകള്‍ സംഘടിപ്പിച്ച് ചികില്‍സാചെലവിനുള്ള പണം കണ്ടെത്തുന്നത്. മൂന്നാം വര്‍ഷ സംഗീത വിദ്യാര്‍ഥിയും കോളജ് ചെയര്‍മാനുമായ അമലാണ് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.  

കഴിഞ്ഞ മൂന്ന് ദിവസമായി സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള തത്രപാടിലാണിവര്‍. വിവിധ സംഘങ്ങളായി തിരിഞ്ഞ് നഗരത്തിന്റെ പലയിടങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ പാട്ട് പാടിയാണ് പ്രധാനമായും പണം കണ്ടെത്തുന്നത്. 

എം.ജി. യുണിവേഴ്സിറ്റി കലോല്‍സവത്തിന്റെ തിരക്കുകളെല്ലാം പൂര്‍ത്തിയാക്കി മടങ്ങുമ്പോഴാണ് അമല്‍ അപകടത്തില്‍പ്പെട്ടത്. ചികില്‍സാചെലവിനായി എട്ട് ലക്ഷത്തോളം രൂപ ചെലവ് വരും. അമലിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. അപകടവിവരം അറിഞ്ഞതുമുതല്‍ ഇത് കണ്ടെത്താനായുള്ള പരിശ്രമത്തിലാണ് വിദ്യാര്‍ഥികള്‍. കുട്ടികളുടെ ഉദ്യമത്തിന് പൂര്‍ണ പിന്തുണയുമായി അധ്യാപകരും മാതാപിതാക്കളും കൂടെയുണ്ട്.