വിയ്യൂര്‍ ജയിലിൽ തടവിലായിരുന്ന 36 ബംഗ്ലദേശ് പൗരൻമാര്‍ മോചിതരായി

വിയ്യൂര്‍ ജയിലിൽ തടവിലായിരുന്ന മുപ്പത്തിയാറ് ബംഗ്ലദേശ് പൗരൻമാര്‍  മോചിതരായി. മതിയായ യാത്രാ രേഖകളില്ലാതെ പിടിയിലായ ഇവർക്ക് ധാക്കയിലെ സന്നദ്ധ സംഘടന ഇടപ്പെട്ട് രേഖകൾ തരപ്പെടുത്തിയതാണ് തുണയായത്. 

യാത്രാ രേഖകൾ എത്തിക്കാൻ ധാക്കയിലെ മലയാളി സാമൂഹ്യ പ്രവര്‍ത്തകയും സന്നദ്ധ  സംഘടനയും മുന്‍കൈയെടുത്തു. കഴിഞ്ഞ വര്‍ഷം മലപ്പുറം വാഴക്കാട് നിന്നാണ്   ബംഗ്ലദേശ് പൗരൻമാരെ പൊലീസ് പിടികൂടിയത്. കേരളത്തിൽ ജോലി തേടിയെത്തിയതായിരുന്നു ഇവര്‍. മതിയായ രേഖകളില്ലാത്തതിനാൽ നാല് മാസം തടവുശിക്ഷ കിട്ടിയ തൊഴിലാളികളെ വിയ്യൂർ ജയിലിൽ എത്തിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞെങ്കിലും തിരിച്ചു പോകണമെങ്കിൽ ബംഗ്ലദേശ് സർക്കാർ യാത്രാനുമതി നൽകണം. മറ്റ് കേസുകളില്ലെന്ന് കേരള പൊലീസും സ്ഥിരീകരിക്കണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കാറുണ്ട് . ഈ കാലതാമസമാണ് ധാക്കയിലെ സാമൂഹ്യ പ്രവര്‍ത്തക ഇന്ദുവര്‍മയുടെയും സന്നദ്ധ പ്രവര്‍ത്തരുടെയും ഇടപെടൽ മൂലം ഒഴിവായത് . കേരളത്തോടുള്ള നന്ദിയറിയിച്ചാണ് തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക്  മടങ്ങിയത്.

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ കേസുള്ള ഒരാൾ കൂടി ജയിലിലുണ്ട്. ഇയാളെ ഉടൻ നാട്ടിലെത്തിക്കുമെന്നും ജയിൽ അധികൃതർ അറിയിച്ചു.

സ്വതന്ത്രരായ 36 പേരെയും ബംഗ്ലദേശ് ബോർഡറിൽ ബി.എസ്.എഫിന് കേരള പൊലീസ് കൈമാറും. ഇതാദ്യമായാണ് ഇത്രയധികം ബംഗ്ലദേശ് പൗരൻമാരെ ജയിലില്‍ നിന്ന് ഒന്നിച്ചു മോചിപ്പിക്കുന്നത്.