വനിതാദിനത്തിൽ സ്ത്രീസംരക്ഷണ പ്രതിജ്ഞയെടുത്ത് പുരുഷന്മാർ

വനിതാദിനത്തിൽ സ്ത്രീസംരക്ഷണ പ്രതിജ്ഞയെടുത്ത് പുരുഷന്മാർ. വരാപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വ്യത്യസ്തമായ രീതിയിൽ വനിതാദിനം ആചരിച്ചത്.

ഒരു ഗ്രാമത്തിലെ പുരുഷന്മാർ ഒന്നടങ്കം വനിതകളുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനുമായി മുന്നോട്ടുവന്നതാണ് വരാപ്പുഴയിലെ വനിതാദിനാചരണത്തെ വേറിട്ടതാക്കിയത്. എല്ലാ പുരുഷന്മാരേയും ഒരിടത്ത് ഒരുമിച്ചുകൂട്ടുന്നതിനു പകരം, അവർ പ്രവർത്തിക്കുന്ന ഓരോ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തത്. സ്ത്രീസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തതും ഏറ്റുചൊല്ലിയതും പുരുഷന്മാർ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ പ്രതീകമായി പുരുഷന്മാർ വെള്ളറിബണും ധരിച്ചു. വരാപ്പുഴ ഗ്രാമപഞ്ചായത്തിന്റേയും വനിതാ ശിശുവികസന വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് വനിതാദിനാചരണം സംഘടിപ്പിച്ചത്. 

തിരക്കേറിയ വരാപ്പുഴ മാർക്കറ്റിൽ നടന്ന വനിതാദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.  പഞ്ചായത്തിലെ സ്കൂളുകളിലും ആൺകുട്ടികൾ പ്രതിജ്ഞയെടുക്കുകയും റിബൺ ധരിക്കുകയും ചെയ്തു. എല്ലാ സ്ത്രീകളും കുട്ടികളും സുരക്ഷിതത്വത്തോടും സന്തോഷത്തോടും കൂടെ ജീവിക്കുക എന്നത് ഓരോ പുരുഷന്റേയും ഉത്തരവാദിത്തമാണെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് വരാപ്പുഴ പഞ്ചായത്തിലെ വനിതാദിനാചരണം പൂർത്തിയായത്.