ആലപ്പുഴ ചെങ്ങന്നൂരില്‍ പുതിയ പാസ്പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. അതേസമയം പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കവും രൂക്ഷമായി.ചെങ്ങന്നൂര്‍ പോസ്റ്റോഫീസുമായി ബന്ധിപ്പിച്ചാണ് പുതിയ പാസ്പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും ലഭ്യമാകുംവിധമാണ് ക്രമീകരണം. എല്ലാവിധ സജ്ജീകരണങ്ങളോടുംകൂടിയ സംവിധാനം രണ്ട് എം.പിമാരുടെ സാന്നിധ്യത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി എന്‍ .ഡി.എ സര്‍ക്കാരിന്‍റെ നേട്ടമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത സുരേഷ് ഗോപി എം.പി പറഞ്ഞു.

അതേസമയം തൊട്ടടുത്തുള്ള ഹോ‌ട്ടലിലെ ഹാളില്‍ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തില്‍ യു.പി.എ സര്‍ക്കാരാണ് പദ്ധതി വിഭാവനം ചെയ്തതെന്നും, തുടര്‍പ്രവ‍ര്‍ത്തനങ്ങള്‍ നടത്തിയ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിച്ചത്.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നേതാക്കളുടെ അവകാശവാദങ്ങള്‍ക്കൊപ്പം ഫ്ലക്സുകള്‍ നിരത്തി അണികളും സജീവമാണ്.