സിപിഐ ജില്ലാ സമ്മേളനത്തിന് കോട്ടയത്ത് നാളെ തുടക്കം

കേരളാ കോണ്‍ഗ്രസിനോടുള്ള നിലപാട് സജീവ ചര്‍ച്ചയാകുന്ന സിപിഐ ജില്ലാ സമ്മേളനത്തിന് കോട്ടയത്ത് നാളെ തുടക്കം. ജില്ലയില്‍ സിപിഐയുടെ ശക്തി ഇടിഞ്ഞുവെന്ന സിപിഎം ജില്ലാ സമ്മേളനത്തിലെ പരാമര്‍ശങ്ങളും സമ്മേളനത്തെ കൂടുതല്‍ ചൂടുപിടിപ്പിക്കും.  സമ്മേളന നഗരിയായ കറുകച്ചാലില്‍ നാളെ വൈകിട്ട് പതാക ഉയര്‍ത്തും.

പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നാടുകൂടിയായ കോട്ടയം ജില്ലയില്‍  നടക്കുന്ന സമ്മേളനമെന്ന നിലയ്ക്ക് പാര്‍ട്ടിയുടെ ശക്തി പരാമവധി തെളിയിക്കാനാണ് സിപിഐയുടെ ശ്രമം.  ജില്ലാ സമ്മേളനത്തോടെ കെ.എം.മാണിക്കെതിരായ നിലപാട് ഒന്നുകൂടി കടുപ്പിക്കാനാണ് പാര്‍ട്ടി നീക്കം.  കളങ്കിതനായ ആളെ  ഇടതുമുന്നണിയ്ക്ക് വേണ്ടിവന്നു   ജില്ലാ  സെക്രട്ടറി സി.കെ. ശശിധരന്‍ സമ്മേളനത്തിന് മുമ്പെ തന്നെ വെടിപൊട്ടിച്ചു കഴിഞ്ഞു.  മാത്രമമല്ല കഴിഞ്ഞ മാസം നടന്ന മണ്ഡലം സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസിനെ സിപിഐ കടന്നാക്രമിച്ചിരുന്നു.  അതുകൊണ്ട് തന്നെ  കേരളാ കോണ്‍ഗ്രസിനെതിരായ ശക്തമായ പ്രതിഷേധം ജില്ലാ സമ്മേളനത്തില്‍ ഉണ്ടാകുമെന്നുറപ്പാണ്

ജില്ലയില്‍ സിപിഐയുടെ ശക്തി കുറഞ്ഞുവെന്നും ഈ സ്ഥാനം ബിജെപി കയ്യടക്കിയെന്നും കഴിഞ്ഞ സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ നിലപാടുകള്‍ പലതും സര്‍ക്കാരിനെതിരെന്ന്  സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ ആക്ഷേപമുണ്ടായി. ഈ സാഹചര്യത്തില്‍ സിപിഎം നിലപാടുകളെ സിപിഐ എങ്ങനെ വിലയിരുത്തുന്നുവെന്നതും ഏറെ പ്രസക്തമാണ്.  മാത്രമല്ല കഴിഞ്ഞ  നിയമസഭാ തിരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സിപിഎം കൈക്കൊണ്ട നിലപാടുകള്‍ക്കെതിരെ സിപിഐയുടെ മണ്ഡലം സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.  അതുകൊണ്ട് തന്നെ ജില്ലാ സമ്മേളനത്തില്‍ ഈ വിഷയങ്ങളെക്കുറിച്ചുളള ചര്‍ച്ചയുണ്ടാകും. ബുധനാഴ്ചയാണ് പ്രതിനിധി സമ്മേളനം തുടങ്ങുക. വെള്ളിയാഴ്ച വൈകുന്നേരം പൊതുസമ്മേളനത്തോടെ സമാപനമാകും.